ഹരിഹരപുരം കവർച്ച; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി: കടന്നുകളഞ്ഞ യുവതിയുടെ രേഖാചിത്രം തയാറാക്കും
Mail This Article
വർക്കല ∙ ഇലകമൺ ഹരിഹരപുരത്ത് വീട്ടുകാർക്ക് ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി നൽകി കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിലൊരാൾ കോടതിയിൽ ഹാജരാക്കവേ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഹരിഹരപുരത്തെ വീട് ക്രൈംബ്രാഞ്ച് സംഘം സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു.
അതേസമയം പിടികിട്ടാനുള്ള ജോലിക്കാരി നേപ്പാൾ സ്വദേശിനി വീട്ടിൽ തങ്ങിയപ്പോൾ ഇവരുടെ ഫോട്ടോ പോലും മറ്റാരെങ്കിലും എടുക്കാതിരിക്കാൻ ശ്രദ്ധിച്ചതായി വിവരം. ഹോംനഴ്സ് സിന്ധു, ഇവരുടെ ഫോട്ടോ മൊബൈലിൽ ഒരു തവണ പകർത്തിയപ്പോൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെന്നാണ് പറയുന്നത്. ഇവരുടെ രേഖാചിത്രം പൊലീസ് തയാറാക്കും.
കേസിലെ പ്രതിയായ നേപ്പാൾ സ്വദേശി അഭിഷേക് മോഷണം നടന്ന ദിവസം രാവിലെ വീട്ടിലെത്തി യുവതിയെ ഏതാനും മണിക്കൂർ പുറത്തേക്കു വിടണമെന്നു ആവശ്യപ്പെട്ടിരുന്നുവെങ്കിലും വീട്ടുകാർ വഴങ്ങിയില്ല. നാട്ടിൽ പോകുന്നതിനു മുൻപ് കുറച്ചു സാധനങ്ങൾ വാങ്ങാനെന്ന പേരിലായിരുന്നു ഇത്.
മാത്രമല്ല, വീട്ടിൽ നിന്നു എത്ര അളവിൽ സ്വർണം കാണാതായി എന്നതിനെ സംബന്ധിച്ചു അവ്യക്ത തുടരുന്നുണ്ട്. യുവതിയും സ്വർണവുമായി കടന്നുകളഞ്ഞതായി സംശയമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കവർച്ചയ്ക്കു ഇരയായ ഹരിഹരപുരം ലൈം വില്ലയിൽ താമസിക്കുന്ന ശ്രീദേവിയമ്മ, മരുമകൾ ദീപ, ശ്രീദേവിയമ്മയെ പരിചരിക്കാൻ നിയോഗിച്ച സിന്ധു എന്നിവർ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്.
അറസ്റ്റിലായ ജനാർദന ഉപാധ്യായയും മരിച്ച രാംകുമാറുമാണ് യുവതിയുടെ സഹായത്തോടെ 23നു രാത്രി വീട്ടിലെത്തി പണവും സ്വർണവും കവർന്നത്. കവർച്ചയ്ക്കിടെ പരിസരവാസികൾ വീടുവളഞ്ഞതോടെ ജനാർദന ഉപാധ്യായയും രാംകുമാറും മതിൽ ചാടിയെങ്കിലും ഉപാധ്യായയുടെ കാലൊടിഞ്ഞു. പുലർച്ചെയോടെ രാംകുമാറിനെയും പരിസരത്ത് നിന്നു പിടികൂടി. കടന്നുകളഞ്ഞ യുവതി അടക്കം മൂന്നു പേരെ പ്രത്യേക അന്വേഷണസംഘം തിരയുകയാണ്.