നഷ്ടപ്പെട്ടെന്ന് കരുതിയ വിവാഹവസ്ത്രങ്ങൾ തിരികെ കിട്ടി; നന്ദി പൊലീസിന്

Mail This Article
പോത്തൻകോട് ∙ വിവാഹ സൽക്കാരത്തിന് വധുവിനും ബന്ധുക്കൾക്കും അണിയാനായി വാങ്ങിയ വസ്ത്രങ്ങളടക്കം നഷ്ടപ്പെട്ടെന്ന് കരുതിയെങ്കിലും പിന്നീട് അവ തിരികെ കിട്ടി . പൊലീസുകാർക്ക് നന്ദി പറയുകയാണ് കഠിനംകുളം പുതുക്കുറിച്ചി ചൈത്രം ഹൗസിൽ ജിത്തുവും ഭർത്താവ് ജസ്റ്റിനും. ലുലുമാളിൽ നിന്നും ജിത്തു തന്റെ സഹോദരി ഡോ.ജോസ്ഫിന് വിവാഹ സത്ക്കാരത്തിന് അണിയാനും ബന്ധുക്കൾക്കുമായി വാങ്ങിയ വസ്ത്രങ്ങൾ അടുത്ത് അതേനിറത്തിലുള്ള കാറിന്റെ ഡിക്കിയിൽ മാറി വയ്ക്കുകയായിരുന്നു. മംഗലപുരം സ്റ്റേഷനിലെ അഡീഷനൽ എസ്ഐ എസ്.എഫ് ഷിർജുവിന്റെ കാറായിരുന്നു അത്. കുടുംബമൊത്ത് ലുലുമാളിൽ എത്തിയതായിരുന്നു ഷിർജു. വീട്ടിലെത്തിയപ്പോഴാണ് ഡിക്കിക്കുള്ളിൽ വിലപിടിപ്പുള്ള വസ്ത്രങ്ങൾ കണ്ടത്. ഉടനെ പേട്ട സ്റ്റേഷനുമായി ബന്ധപ്പെട്ടു.
ആരെങ്കിലും വരുകയാണെങ്കിൽ അറിയിക്കാനും പറഞ്ഞു. രാത്രി 12.30തോടെയാണ് ജസ്റ്റിൻ പേട്ട സ്റ്റേഷനിലെത്തുന്നത്. വിവരമറിഞ്ഞതോടെ ഇന്നലെ രാവിലെ 11ന് ജിത്തുവും ജസ്റ്റിനും മംഗലപുരം സ്റ്റേഷനിലെത്തി വസ്ത്രങ്ങൾ ഏറ്റുവാങ്ങി. തിരികെ കിട്ടുമെന്നു കരുതിയതല്ല. 30,000 രൂപ വിലവരുന്ന വസ്ത്രങ്ങളുണ്ടായിരുന്നു. ഇന്ന് വൈകിട്ട് 6ന് കഴക്കുട്ടം അൽസാജ് കൺവെൻഷൻ സെന്ററിലാണ് ജിത്തുവിന്റെ സഹോദരി ഡോ.ജോസ്ഫിന്റെയും ഭർത്താവ് ഡിജിൻഡൊമിനിക്കിന്റെയും വിവാഹ സത്ക്കാരം. ഇരുവരുടെയും വിവാഹം ഇക്കഴിഞ്ഞ 25ന് മൂവാറ്റുപുഴ സെന്റ്മേരീസ് ചർച്ചിൽ നടന്നിരുന്നു. ജിത്തുവും ജസ്റ്റിനും ദുബായിൽ കമ്പനികളിൽ എൻജിനീയർമാരാണ്.