ADVERTISEMENT

വെള്ളനാട്∙ കൂവക്കുടി പുതിയ പാലത്തിന്റെ വശത്തെ സുരക്ഷാവേലി മുഴുവൻ തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. പാലത്തിൽ നിന്ന് കരമനയാറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാനും മാലിന്യങ്ങൾ തള്ളുന്നത് തടയാനും ആണ് പാലത്തിന്റെ നിർമാണ വേളയിൽ തന്നെ വേലി സ്ഥാപിച്ചത്. ഇപ്പോൾ വശങ്ങളിലെ വേലിയുടെ കമ്പി മുഴുവൻ നശിച്ചിട്ട് മാസങ്ങളായി. കുറച്ച് സാമൂഹിക വിരുദ്ധരും ശേഷിച്ചത് തുരുമ്പെടുത്തും ആണ് കേടായത്. കരമനയാറ്റിലെ ജലമാണ് സമീപത്തെ അരുവിക്കര ഡാമിൽ എത്തി ശുദ്ധീകരിച്ച് കുടിവെള്ളമായി തലസ്ഥാനത്തേക്ക് എത്തുന്നത്. 101.44 മീറ്റർ നീളത്തിൽ നിർമിച്ച പുതിയ പാലം 2017 ഓഗസ്റ്റ് 30 ന് ആണ് ഉദ്ഘാടനം ചെയ്തത്. 1904 ൽ ജർമൻകാർ നിർമിച്ച വീതി കുറഞ്ഞ പഴയ പാലത്തിന് ബലക്ഷയം സംഭവിച്ചതോടെ ഇതിന് സമാന്തരമായി 9 കോടി രൂപ വിനിയോഗിച്ച് പുതിയ പാലം നിർമിച്ചത്. 

ഒട്ടേറെ പേർ ആളെ‌ാഴിഞ്ഞ പ്രദേശമായ കൂവക്കുടിയിലെ പഴയ പാലത്തിൽ നിന്ന് മുൻപ് ആറ്റിൽ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിനെ തടയിടാനും മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കാനും ആയി വാട്ടർ അതോറിറ്റി 10 ലക്ഷം രൂപ മുടക്കി വർഷങ്ങൾക്ക് മുൻപ് പഴയ പാലത്തിൽ സുരക്ഷാ വേലി സ്ഥാപിച്ചു. ഇതിന് ശേഷമാണ് പുതിയ പാലം നിർമിച്ചത്. രണ്ട് പാലങ്ങൾക്കും സുരക്ഷ വേലി ആയതോടെ ഇവിടെ നിന്നുള്ള ആത്മഹത്യയ്ക്ക് തടയിടാനും കഴിഞ്ഞിരുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് പാലത്തിൽ നിന്ന് ബുധനാഴ്ച വെള്ളനാട് അനൂപ് അനവ്യു സരിത ഭവനിൽ സോമൻ (62) കരമനയാറ്റിൽ ചാടുന്നതും ഇന്നലെ മൃതദേഹം കണ്ടെടുക്കുന്നതും. വശത്ത് സുരക്ഷ വേലി ഇല്ലാത്തതാണ് പാലം വീണ്ടും ആത്മഹത്യ മുനമ്പ് എന്ന പേരിലേക്ക് പോകുന്നത്.

മാലിന്യങ്ങൾ ആറ്റിൽ തള്ളുന്നത് ഒഴിവാക്കുന്നതിന് കൂവക്കുടി പുതിയ പാലത്തിന്റെ വശത്ത് വാട്ടർ അതോറിറ്റി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അതേ സമയം കൂവക്കുടി പഴയ പാലത്തിന് സമീപം മാലിന്യം തള്ളൽ വ്യാപകമാണ്. കൂടാതെ ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളവുമാണ്. പഴയ പാലത്തെ സംരക്ഷിക്കുന്നതിനും മാലിന്യം തള്ളൽ അവസാനിപ്പിക്കുന്നതിനും ആയി വശത്തെ അപ്രോച്ച് റോഡുകളിൽ ഉദ്യാനം ഒരുക്കാനുള്ള ശ്രമത്തിൽ ആണ് വെള്ളനാട് പഞ്ചായത്ത്. ആദ്യഘട്ടമായി ഇതിന് ഒന്നരലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കൂവക്കുടി പാലത്തിന്റെ വശത്ത് അടൂർ പ്രകാശ് എംപിയുടെ ഫണ്ടിൽ നിർമിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം 3ന് വൈകിട്ട് 5ന് നടക്കും. പുതിയ പാലത്തിന്റെ വശത്തെ തകർന്ന സുരക്ഷ വേലികൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com