ADVERTISEMENT

കാഞ്ഞിരംകുളം ∙ തിരക്കേറിയ കാഞ്ഞിരംകുളം – പുല്ലുവിള റോഡിന്റെ ഇരുവശങ്ങളിലും ഫുട്പാത്ത് കയ്യേറ്റം വ്യാപകം. വ്യാപാര സ്ഥാപനങ്ങളും തടിമില്ലുകളുമാണ് പ്രധാനമായും കയ്യേറ്റം നടത്തിയിരിക്കുന്നത്. അനധികൃത പാർക്കിങ് കൂടിയായപ്പോൾ കാൽനട യാത്രക്കാർക്ക് ‘ഫുട്പാത്ത്’ കിട്ടാക്കനിയായി. കെഎൻഎം ഗവ. കോളജിൽ പോകാൻ, നൂറു കണക്കിന് വിദ്യാർഥികളാണ് കാഞ്ഞിരംകുളം ജംക്‌ഷനിൽ ബസ് ഇറങ്ങി ഇതുവഴി രാവിലെയും വൈകിട്ടും നടന്നു പോകുന്നത്. ജവാഹർ സെൻട്രൽ സ്കൂൾ, കെഎൻഎം ബിഎഡ് കോളജ്, സ്പാർക്ക് ലേണിങ് പിഎസ്‌സി പരിശീലന കേന്ദ്രം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുന്നത് ഈ റോഡു വഴിയാണ്.

കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പൊലീസ് സ്റ്റേഷൻ, അനുപമ ആശുപത്രി, മർമ ആശുപത്രി, ഒട്ടേറെ വിശ്വാസികൾ എത്തുന്ന കാരുണ്യ പ്രയർ ഹാൾ, 3 ദേവാലയങ്ങൾ തുടങ്ങിയവയും കാഞ്ഞിരംകുളം – പുല്ലുവിള റോഡരികിലാണ്. ഫുട്പാത്ത് കയ്യേറി കച്ചവടം നടത്തുന്നതു കാരണം കാൽനട യാത്രക്കാർ നടക്കാൻ റോഡിനെ ആശ്രയിക്കേണ്ടി വരുന്നു. ഇതു പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ചെറിയ അപകടങ്ങളും പതിവു കാഴ്ചയാണ്. കാലപ്പഴക്കം കാരണം ഉപേക്ഷിച്ച വൈദ്യുതി പോസ്റ്റുകളും തടിമില്ലിൽ എത്തിച്ച തടികളും റോഡു വക്കിലുണ്ട്. അപകടകരമായ നിലയിൽ തടികൾ റോഡരികിൽ തള്ളിയിട്ട് വർഷങ്ങളായി. ചിതലരിച്ച തടികൾ വരെ ഇക്കൂട്ടത്തിലുണ്ട്.

അധികൃതരുടെ കൺമുന്നിലാണ് നഗ്നമായ ഈ നിയമ ലംഘനം നടക്കുന്നതെങ്കിലും അവരൊന്നും കണ്ട ഭാവം നടിക്കുന്നില്ലെന്നാണു ജനത്തിന്റെ പരാതി. ഇടക്കാലത്ത് ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ സംഘടിച്ച് ജനകീയ സമിതി രൂപീകരിച്ചിരുന്നു. അവർ പഞ്ചായത്ത്, പൊതുമരാമത്ത് വിഭാഗം, കെഎസ്ഇബി എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഗതാഗത കുരുക്ക് പതിവായിട്ട് പോലും പൊലീസും തിരിഞ്ഞു നോക്കുന്നില്ലെന്നും ജനം പറയുന്നു.

∙ പാർക്കിങ്ങിനു സ്ഥലമില്ല
കാഞ്ഞിരംകുളം ജംക്‌ഷൻ നേരിടുന്ന വലിയൊരു പ്രശ്നമാണ് പാർക്കിങ്ങിനു സ്ഥലമില്ല എന്നത്. കാലാകാലങ്ങളായി പഞ്ചായത്ത് ഭരിക്കുന്നവരുടെ ശ്രദ്ധയിൽ ഈ പ്രശ്നം എത്തിയിട്ടുണ്ടെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.

∙ പ്രതിഷേധം
ഫുട്പാത്ത് കാൽനട യാത്രക്കാർക്ക് തുറന്നു കൊടുത്തില്ലെങ്കിൽ പ്രതിഷേധ സമരങ്ങളിലേക്കു കടക്കുമെന്ന് ജനകീയ സമിതി ചെയർമാൻ കരുംകുളം രാധാകൃഷ്ണൻ, ജനറൽ കൺവീനർ സന്തോഷ് ഗ്രേയ്സൻ എന്നിവർ അറിയിച്ചു.

∙ പരാതി പരിശോധിക്കും
ഫുട്പാത്ത് കയ്യേറ്റം സംബന്ധിച്ച പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കാഞ്ഞിരംകുളം പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ചു പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com