ADVERTISEMENT

പാറശാല∙അമിത ലോഡുമായി സഞ്ചരിക്കുന്ന ലോറികൾക്കെതിരെ കർശന നടപടിയുമായി തമിഴ്നാട് പെ‍ാലീസ്. ലോറികളുടെ ശേഷിയിൽ കൂടുതൽ ലോഡ് ചെയ്യുന്ന ടണ്ണിനു വൻ തുക പിഴ ചുമത്തി തുടങ്ങിയതോടെ അമിത ലോഡുമായി എത്തുന്ന വാഹനത്തിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. മെറ്റൽ, പാറപ്പെ‍ാടി അടക്കം നിർമാണ സാധനങ്ങളുമായി ചട്ടങ്ങൾ ലംഘിച്ച് അമിത വേഗത്തിൽ അലക്ഷ്യ സഞ്ചാരം നടത്തുന്ന ടിപ്പർ ലോറികൾ സൃഷ്ടിക്കുന്ന അപകടം കന്യാകുമാരി ജില്ലയിൽ പതിവായതോടെ ആണ് പെ‍ാലീസ്, മോട്ടർ വാഹന വകുപ്പിന്റെ കർശന നടപടി. ജനുവരി ആദ്യവാരം മുതൽ ഇരുപതാം തീയതി വരെ മാത്രം തക്കല, മാർത്താണ്ഡം മേഖലയിൽ അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറികൾ ഇടിച്ച് അഞ്ചു പേർ‍ മരിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപ് തക്കല ചിത്തിരംകോടിനു സമീപം വീട്ടമ്മ ലോറി ഇടിച്ച് മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് വരെ ഉപരോധിച്ചിരുന്നു. 

അമിത ലോഡ് കയറ്റുന്നതായി സംശയമുള്ള ലോറികളെ പടന്താലൂമ്മുട് ചെക്പോസ്റ്റിൽ തടഞ്ഞ് ഭാര പരിശോധന നടത്തിയ ശേഷമേ കടത്തി വിടുന്നുള്ളൂ. വാഹന ശേഷിയിൽ കൂടുതൽ കണ്ടെത്തിയാൽ ഇരുപതിനായിരം രൂപയും അധികം കണ്ടെത്തിയ ഒരു ടണ്ണിനു രണ്ടായിരം രൂപ വീതം ആണ് പിഴ തുക. പതിനെട്ട് ടൺ ശേഷിയുള്ള പത്ത് ടയർ ടിപ്പർ ലോറികളിൽ ഇരുപത്തഞ്ച് ടണ്ണും മുപ്പത്തിമൂന്നു ടൺ ശേഷിയുള്ള പതിനാറു ടയർ വാഹനങ്ങളിൽ നാൽപ്പത്തഞ്ച് വരെ ടൺ വരെയും ലോഡ് കയറ്റുന്നു. പരിശോധന കർശനമായതോടെ ലോഡിന്റെ അളവ് കുറഞ്ഞത് നഷ്ടം സൃഷ്ടിക്കും എന്നാണ് ലോറി ഉടമസ്ഥരുടെ വിശദീകരണം. തിരുനെൽവേലി മുതൽ തിരുവനന്തപുരം വരെ ദിവസം മൂന്ന് ട്രിപ്പ് വരെ സർവീസ് നടത്തുന്ന ലോറികളിൽ ആകെയുള്ളത് ഒരു ഡ്രൈവർ മാത്രം. വലിയ ഭാര വാഹനങ്ങളിൽ രണ്ട് ഡ്രൈവർമാർ വേണം എന്നാണ് ചട്ടം എങ്കിലും ഒരു ഡ്രൈവർ തന്നെ വേണ്ടത്ര വിശ്രമം ഇല്ലാതെ വാഹനം ഒ‍ാടിക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. 

പത്തു ദിവസം മുൻപു നെയ്യാറ്റിൻകര ഗ്രാമത്തിനു സമീപം മുന്നിൽ പോയ ബൈക്കിനെ മറി കടക്കവേ ലോറി തട്ടി വീഴ്ത്തി ബൈക്കിൽ യാത്ര ചെയ്തിരുന്ന നാലു വയസ്സുകാരൻ ലോറിക്കടിയിലേക്കു വീണു തൽക്ഷണം മരിച്ചിരുന്നു. ബൈക്കിനെ  മറി കടക്കാൻ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. മറ്റു വാഹനങ്ങളെ മറികടക്കുന്ന സമയം ക്ലീനർ സാന്നിധ്യം ഇല്ലാത്ത വാഹനങ്ങളിൽ വശങ്ങളിലെ  ഗ്ലാസ് നോക്കി ദൃശ്യങ്ങൾ ഡ്രൈവർ ഉറപ്പ് വരുത്താത്തതാണു പിഞ്ചു കുഞ്ഞിന്റെ ജീവൻ അപഹരിച്ചത്. ദിവസങ്ങളായുള്ള വിശ്രമം ഇല്ലാത്ത ജോലി മൂലം എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ഡ്രൈവർമാരുടെ പ്രവൃത്തി ആണ് ഭൂരിഭാഗം അപകടങ്ങൾക്ക് പിന്നിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com