ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ പദ്ധതികൾ അധികം പ്രഖ്യാപിക്കാതെ, നിലവിൽ പല ഘട്ടങ്ങളിലായിരുന്ന മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയാണ് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ തലസ്ഥാനത്തിനുണ്ടായിരുന്നത്. അതിൽ പലതും നടപ്പായെങ്കിലും ചില പദ്ധതികൾ കടലാസിൽ മാത്രം തുടരുകയാണ്. നിലവിലെ പദ്ധതികൾ പൂർത്തിയാക്കുന്നതിനൊപ്പം പുതിയ വികസന പദ്ധതികൾ ജില്ലയ്ക്കായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനം.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേന്ദ്രീകരിച്ച് വാണിജ്യ ഇടനാഴി എന്ന പ്രഖ്യാപനത്തിന്റെ തുടർ പ്രവർത്തനങ്ങളെല്ലാം ഫയലിൽ മാത്രമാണുള്ളത്. ഔട്ടർ റിങ് റോഡ് നിർമിക്കുമെന്ന പ്രഖ്യാപനം, സംസ്ഥാനം ദേശീയപാത അതോറിറ്റിയുമായി ധാരണ ഒപ്പിടാത്തതിന്റെ ഫലമായി അനിശ്ചിതത്വത്തിൽ തുടരുകയാണ്.

കേന്ദ്രം മുന്നോട്ടു വച്ച ആവശ്യങ്ങളിൽ, സർവീസ് റോഡിന്റെ നിർമാണച്ചെലവ് വഹിക്കണമെന്ന നിർദേശം ഒഴികെ എല്ലാം സംസ്ഥാനം അംഗീകരിച്ചതാണ് ഇപ്പോഴത്തെ സ്ഥിതി.   കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായ ടെക്നോപാർക്ക് ഫെയ്സ് 4 ൽ 13.65 ഹെക്ടറിൽ ഡിജിറ്റൽ സയൻസ് പാർക്കിന് കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി തറക്കല്ലിട്ടു. ലൈഫ് സയൻസ് പാർക്കിൽ മൈക്രോ ബയോം മികവിന്റെ കേന്ദ്രത്തിനും തുടക്കമായി. 

മറ്റു പ്രധാന പദ്ധതികളുടെ അവസ്ഥ : 
∙കോവളം– ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാലിനെ സാമ്പത്തിക – വ്യാപാര ഇടനാഴി പദ്ധതിയിൽ കനാലിന്റെ കോവളം മേഖലയിലെ നിർമാണ നടപടികൾ പോലും പലയിടത്തും തർക്ക വിഷയമാണ്. 

∙കാർബൺ ന്യൂട്രൽ സംസ്ഥാനമാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും ഗ്രീൻ ഹൈഡ്രജൻ ഹബ് നിർമാണത്തിന്റെ പ്രവർത്തനങ്ങൾ തുടരുന്നു.

∙കോവളത്തെ എക്സ്പീരിയൻഷ്യൽ വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന പദ്ധതി പ്രഖ്യാപനം മാത്രമായി. 

തിരുവനന്തപുരം നഗരത്തിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കാൻ രാജ്യാന്തര കൺസൽറ്റന്റിനെ തിരഞ്ഞെടുക്കുമെന്ന പ്രഖ്യാപനത്തിൽ തുടർ നടപടിയായില്ല. 

∙വെള്ളായണി കാർഷിക കോളജിലെ കാർഷിക ജൈവ വൈവിധ്യ പ്രവർത്തനത്തിന് ആദ്യഘട്ട ജോലികൾ തുടങ്ങി. 

∙കോട്ടൂർ ആന പുനരധിവാസ കേന്ദ്രം ആധുനിക രീതിയിൽ വികസിപ്പിക്കാൻ ഒരു കോടി രൂപ അനുവദിച്ചത് ജീവനക്കാർക്കുള്ള ശമ്പളവും ആനയ്ക്കുള്ള തീറ്റയ്ക്കും കൂടിയാണ്. ആന പുനരധിവാസ കേന്ദ്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. 6 മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞേക്കും.

∙എംസി റോഡിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകാൻ 25 കോടി രൂപ ചെലവിൽ വെഞ്ഞാറമൂട് മേൽപാലവും റിങ് റോഡും ചേർന്നുള്ള പദ്ധതിക്ക് തുക വർധിപ്പിച്ച് ടെൻഡർ ക്ഷണിച്ചിട്ടും ആരും ഏറ്റെടുത്തിട്ടില്ല. 

∙നെയ്യാറ്റിൻകര പോക്സോ – കുടുംബ കോടതികൾക്കു വേണ്ടി പുതിയ മന്ദിരത്തിനു ഡിപിആർ തയാറാകുന്നതേയുള്ളൂ. 

∙മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ മാസ്റ്റർപ്ലാൻ നിർമിതിക്കായി 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒന്നും നടന്നിട്ടില്ല. ടെക്നോപാർക്ക് വികസനത്തിന് 26.6 കോടി രൂപ അനുവദിച്ചതിൽ ഫണ്ട് പകുതിയലധികം ചെലവഴിച്ചു. 

∙ കാര്യവട്ടം ക്യാംപസുകളെ ബന്ധിപ്പിക്കുന്ന മേൽപാലം, വിഴിഞ്ഞം ഉൾപ്പെടെ 5 തുറമുഖങ്ങളിൽ ഷിപ്പിങ് പ്രവർത്തന തുറമുഖ അടിസ്ഥാന സൗകര്യ പദ്ധതിക്ക് 40 കോടി തുടങ്ങിയവ പ്രഖ്യാപനത്തിൽ ഒതുങ്ങി. 

∙കാട്ടാക്കടയിൽ പ്രഖ്യാപിച്ച ഭിന്ന ശേഷി പാർക്കിനു വേണ്ടി 50 സെന്റ് ഭൂമി ലഭ്യമായി. ശേഷിക്കുന്ന ഭൂമിക്കായി എംഎൽഎ ഫണ്ടിൽ നിന്നു തുക അനുവദിച്ചു. 

∙വർക്കല പുന്നമൂട് ജംക്‌ഷനിലെ റെയിൽവേ മേൽപാലം നിർമാണത്തിന് 37 കോടി വകയിരുത്തിയെങ്കിലും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിലാണ്. 

∙വർക്കല മൈതാനം റിങ് റോഡ് പദ്ധതി  മരവിച്ച നിലയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com