സംസ്ഥാന ബജറ്റ് : ആറ്റിങ്ങൽ മണ്ഡലത്തിന് 25 കോടി
Mail This Article
ആറ്റിങ്ങൽ∙ മണ്ഡലത്തിന്റെ വികസനത്തിന് 25 കോടി രൂപ ബജറ്റിൽ വകയിരുത്തി. കിളിമാനൂരിൽ കായിക സമുച്ചയവും, ആറ്റിങ്ങൽ പരവൂർ പുഴക്കടവിൽ പുതിയ പാലവും, ആറ്റിങ്ങലിൽ ഓട്ടിസം പാർക്കും ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ബജറ്റിൽ തുക വകയിരുത്തി. പഴയ കുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം രണ്ട് ഏക്കർ 25 സെന്റിൽ ഓപ്പൺ ഓഡിറ്റോറിയം, സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് , ക്രിക്കറ്റ് പിച്ച്, ഓപ്പൺ ജിം , പ്രഭാത സവാരിക്കും മറ്റും ആവശ്യമായ ട്രാക്ക് തുടങ്ങിയവ നിർമിക്കുന്നതിന് അഞ്ചു കോടി ബജറ്റിൽ അനുവദിച്ചു.
ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ മുള്ളിയിൽ കടവിനേയും കരവാരം പഞ്ചായത്തിലെ കട്ടപ്പറമ്പ് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പരവൂർ പുഴക്കടവ് പാലം പാലം നിർമിക്കുന്നതിന് ആദ്യഘട്ടമായ പത്തുകോടി രൂപ പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽ നിന്നും കണ്ടെത്തി ചിലവഴിക്കുന്നതിന് ആവശ്യമായ അംഗീകാരം നൽകി.വെള്ളിയാഴ്ചക്കാവ് പാലം പുതുക്കി പണിയുന്നതിന് രണ്ടു കോടിയും , നഗരൂർ ശിവൻ മുക്ക് -നന്ദായി വനം - ഇറത്തി റോഡ് നവീകരണത്തിന് രണ്ടുകോടി രൂപയും , ചെങ്കിക്കുന്ന് - പുല്ലയിൽ - പൊയ്യക്കട റോഡ് നവീകരണത്തിന് രണ്ടു കോടി രൂപയും , ആറ്റിങ്ങലിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കുന്നതിന് 1.5 കോടിയും , നേതാജി മുക്ക് - കണ്ണങ്കര- തേവയിൽ - പേരയിൽ കോളനി റോഡ് - 1.5 കോടിയും , വക്കം ചാവടി മുക്ക് - ഇറങ്ങു കടവ് റോഡിന് - 1 കോടിയും അനുവദിച്ചു.
കൂടാതെ കിളിമാനൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് 2 കോടി രൂപയും , കോട്ടറക്കോണം പാലം നിർമാണത്തിന് 2 കോടിയും ,പുളിമൂട് - പട്ട്ള പുല്ലുതോട്ടം - കോയിക്കൽ മൂല- പാലവിള റോഡ് 5 കോടിയും ,ആറ്റിങ്ങൽ റിങ് റോഡിന് 5 കോടിയും , ഒറ്റൂർ ഗവ. എൽപിഎസ് മന്ദിരത്തിന് ഒരു കോടിയും , ആരൂർ ഗവ. എൽ. പി. എസ് മന്ദിരത്തിന് ഒരു കോടിയും ,കാട്ടുചന്ത- വട്ടക്കൈത റോഡ് നിർമാണത്തിന് 2 കോടിയും , കിളിമാനൂർ ബൈപ്പാസ് നിർമാണത്തിന് 3 കോടിയും , വാമനപുരം നദിയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതി നടപ്പാക്കാൻ ഒരുകോടിയും , അലവക്കോട് - ഇടയ്ക്കരിക്കകം - വണ്ടിത്തടം- മണലേത്തു പച്ച റോഡിന് ഒരു കോടിയും , കുടിയേല - തെങ്ങുംകോണം റോഡിന് ഒരു കോടിയും , മണ്ഡലത്തിലെ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനായി അഞ്ച് കോടിയും അനുവദിച്ചു. മണ്ഡലത്തിലെ പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് പത്തുകോടി രൂപയും ടോക്കൺ പ്രൊവിഷനായി അനുവദിച്ചു.