കാരോട് പഞ്ചായത്ത് ബജറ്റ് അവതരണം: കാവൽ നിന്ന് ഭരണപക്ഷ അംഗങ്ങൾ
Mail This Article
പാറശാല ∙ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വൈസ് പ്രസിഡന്റിന്റെ ബജറ്റ് അവതരണത്തിനു ഭരണപക്ഷ അംഗങ്ങളുടെ കാവൽ. കാരോട് പഞ്ചായത്തിൽ ഇന്നലെ രാവിലെ നടന്ന ബജറ്റ് അവതരണത്തിൽ ആണ് നാടകീയ രംഗങ്ങൾക്കു അരങ്ങേറിയത്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആയിരുന്നു പ്രതിപക്ഷത്തുള്ള കോൺഗ്രസ് അംഗങ്ങളുടെ നിലപാട്. പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ബജറ്റ് അവതരണത്തിനു വൈസ് പ്രസിഡന്റിനെ ക്ഷണിച്ചു. ബജറ്റ് വായിച്ചു തുടങ്ങിയതോടെ ഡയസ്സിനു മുന്നിൽ എത്തിയ കോൺഗ്രസ് അംഗം പൊഴിയൂർ വിജയൻ റിപ്പോർട്ട് പിടിച്ചു വാങ്ങി. ഇതോടെ മറ്റൊരു അംഗത്തിൽ നിന്ന് ബജറ്റ് വാങ്ങിയാണ് വൈസ് പ്രസിഡന്റ് വീണ്ടും വായിച്ചു തുടങ്ങിയത്. പ്രതിപക്ഷത്തെ രണ്ട് അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ ഭരണപക്ഷത്തെ ആറ് അംഗങ്ങളും ക്ഷണിക്കപ്പെട്ട ജനപ്രതിനിധിയായി ഹാളിൽ ഉണ്ടായിരുന്ന ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗവും അടക്കം സീറ്റിൽ നിന്നു എഴുന്നേറ്റ് വൈസ് പ്രസിഡന്റിനു മറ തീർത്ത് മുന്നിൽ നിരന്നു.
ഇതോടെ കോൺഗ്രസ് അംഗങ്ങൾ ഉച്ചത്തിൽ മുദ്രാവാക്യം വിളി തുടങ്ങി. ശബ്ദ മുഖരിതമായ അന്തരീക്ഷത്തിനൊടുവിൽ പത്ത് മിനിറ്റു കൊണ്ടു വൈസ് പ്രസിഡന്റ് ബജറ്റ് അവതരണം പൂർത്തിയാക്കി. രണ്ട് മാസം മുൻപ് കോൺഗ്രസ് വിമതരുടെ പിന്തുണയോടെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസത്തെ തുടർന്നു കോൺഗ്രസിനു പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. അടുത്തിടെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയ്ക്കിടെ ഭരണ–പ്രതിപക്ഷത്തെ ചില അംഗങ്ങൾ തമ്മിൽ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളം വരെ എത്തി. നടപടിക്രമങ്ങൾ കാറ്റിൽ പറത്തിയാണ് എൽഡിഎഫ് പിന്തുണയുള്ള വിമതർ ഭരണം നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ ഭരണം നഷ്ടമായതിന്റെ അസംതൃപ്തി മൂലം പ്രതിപക്ഷം കമ്മിറ്റികളിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നാണ് ഭരണപക്ഷത്തിന്റെ വാദം.