പള്ളിക്കൽ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം: പരിഹാരം അകലെ
Mail This Article
കല്ലമ്പലം ∙ പള്ളിക്കൽ, നാവായിക്കുളം മടവൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. ഒന്നര മാസത്തിനിടയിൽ പള്ളിക്കൽ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചത് 2 പേർ. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ വേറെയും. മാസങ്ങൾക്കു മുൻപ് ഫർണിച്ചർ ഷോപ്പ് ഉടമ ആറ്റൂർകോണം ചെറുന്നല്ലൂർ മേലിതിൽ വീട്ടിൽ പ്രസാദ് (55) മരിച്ചതാണ് ഒടുവിലത്തെ സംഭവം. കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ കാട്ടുപുതുശ്ശേരിക്ക് സമീപം വച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഒരു വർഷം മുൻപ് പള്ളിക്കൽ സ്വദേശി ഓട്ടോ ഡ്രൈവർ ദീപു(46) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ മരിച്ചിരുന്നു. മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 15 ഓളം പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് രാത്രി കാട്ടുപന്നികളെ കൂടാതെ മുള്ളൻ പന്നിയും പകൽ കുരങ്ങുകളും നാശം വിതയ്ക്കുന്നുണ്ട്. നാവായിക്കുളത്ത് കാട്ടുപന്നിയുടെ കൂട്ട ആക്രമണത്തിൽ യുവാവിന്റെ ഇടതു കൈമുട്ടിന് പരുക്കേറ്റിരുന്നു. രാത്രി ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു ആക്രമണം. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ 2 ലക്ഷം രൂപ ചെലവിട്ട് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി. കാട്ടുപന്നികൾ പ്രദേശത്തെ കാർഷിക വിളകൾ നശിപ്പിക്കൽ വ്യാപകമാണ്. ഇതുമൂലം പച്ചക്കറി, ഇടവിള കൃഷി എന്നിവ ചെയ്യാൻ കൃഷിക്കാർ മടിക്കുന്നു എന്നും പരാതിയുണ്ട്. പള്ളിക്കൽ പഞ്ചായത്തിലെ കെ.കെ.കോണം, മുതല, പലവക്കോട്, നെട്ടയം, തോളൂർ പ്രദേശത്തും മടവൂർ പഞ്ചായത്തിലെ കക്കോട്, വിളക്കാട്, കൊല്ലായി, മാങ്കോണം നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറ, ഞാറയിൽകോണം, കരിമ്പുവിള, മരുതിക്കുന്ന് പ്രദേശങ്ങളിലും ആണ് കാട്ടുപന്നി ശല്യം രൂക്ഷം.
മരച്ചീനി, ചേന, ചേമ്പ്, വാഴ, തൈ തെങ്ങുകൾ എന്നിവ വലിയ തോതിൽ നശിപ്പിക്കുന്നതായി പ്രദേശത്തെ കൃഷിക്കാർ പറയുന്നു. മടവൂർ ഇളബ്രക്കോട് വനത്തിൽ നിന്നാണ് ഇവ നാടു കയറുന്നത്.നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട് എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി അറിയിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ 2 പന്നികളെ വെടിവച്ചു കൊന്നിരുന്നു. അല്ലാതെ പന്നികളെ കൊല്ലാൻ നിയമ തടസ്സങ്ങളുണ്ട്. പുതിയ മാർഗങ്ങളെ കുറിച്ച് സർക്കാരുമായി ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.