ADVERTISEMENT

വിഴിഞ്ഞം∙പുറംകടലിൽ അജ്ഞാത കപ്പൽ ഇടിച്ചു മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു. 5 മത്സ്യത്തൊഴിലാളികൾക്കു പരുക്കേറ്റു. ഇവരിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്.  മറിഞ്ഞ വള്ളത്തിൽ പിടിച്ചു കിടന്നു ജീവനു വേണ്ടി പി‍ടഞ്ഞ  ഇവരെ  മറ്റൊരു മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്നവർ  രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. വിഴിഞ്ഞം തീരത്തു നിന്ന് ഏകദേശം 35 കിലോമീറ്ററുകൾ മാറി  ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. പൂന്തുറ സ്വദേശികളായ ആൻഡ്രൂസ്(58), ക്ലീറ്റസ്(55), സെൽവൻ(52), മരിയദാസൻ(56), ജോൺ(50) എന്നിവർക്കാണു പരുക്കേറ്റത്. 

ആൻഡ്രൂസിന്റെ പരുക്കാണ് ഗുരുതരമെന്നു വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു.  ആൻഡ്രൂസ് മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലാണ്. വിഴിഞ്ഞം സ്വദേശികളായ ഡേവിഡ്, ജോൺസൺ, ജെയിംസ്, ആന്റണി എന്നിവരുൾപ്പെട്ട സംഘമാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.  ഇവരുടെ തങ്ങൽ വള്ളത്തിൽ കപ്പൽ ഇടിക്കുകയായിരുന്നെന്നാണു തൊഴിലാളികളിൽ നിന്നുള്ള വിവരമെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. ഇടിച്ച കപ്പൽ ഏതാണെന്ന് വ്യക്തമായിട്ടില്ല 

കപ്പൽ കണ്ടെത്താൻ ശ്രമം, പരിശോധന നടത്തും
വിഴിഞ്ഞം∙മത്സ്യബന്ധന വള്ളത്തിൽ ഇടിച്ച കപ്പൽ ഏതാണെന്നു കണ്ടെത്തുന്നതിനായി വിഴിഞ്ഞം കോസ്റ്റ് ഗാർഡിനു വിവരം നൽകിയതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു. സംഭവം നടന്ന സമയം ആ സ്ഥലം വഴി കടന്നു പോയ കപ്പലുകളെ കേന്ദ്രീകരിച്ചാവും അന്വേഷണം . പുറം കടലിൽ സംഭവം നടന്ന സ്ഥലത്ത് ഇന്നു പരിശോധന നടത്തുമെന്ന് വിഴിഞ്ഞം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com