യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, ഒരാൾ കുത്തേറ്റ് മരിച്ചു; സഹോദരങ്ങൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
Mail This Article
മലയിൻകീഴ് ∙ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു. സഹോദരങ്ങൾ ഉൾപ്പെടെ 3 പ്രതികളെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ 4 പേർക്ക് പരുക്കുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരം.
പേയാട് ചന്തമുക്ക് കാരാംകോട്ടുകോണം കുളത്തിൻകര ശാലിനി ഭവനിൽ കർഷക കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് മണികണ്ഠന്റെയും സിന്ധുവിന്റെയും മകൻ എം.എസ്.ശരത് (25) ആണ് മരിച്ചത്. പേയാട് കാരാംകോട്ടുകോണം ശിവശൈലത്തിൽ അരുൺ (33), സഹോദരൻ അനീഷ് (32), സുഹൃത്ത് പേയാട് കാരാംകോട്ടുകോണം അഖിൽ ഭവനിൽ സോളമൻ (38) എന്നിവരെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ശരത്തിന്റെ സുഹൃത്തുക്കളായ പേയാട് കാരാംകോട്ടുകോണം എസ്എം നിവാസിൽ ആദർശ് (26), കാരാംകോട്ടുകോണം നെടിയവിളയിൽ രാജേഷ് (30), കാരാംകോട്ടുകോണത്ത് അപ്പൂസ് നിവാസിൽ അഖിലേഷ് (24), ആലന്തറക്കോണം ചാമവിള ക്രിസ്തു വിലാസത്തിൽ ജോയ് മോൻ (26) എന്നിവർക്ക് ബീയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റത്.
വയറിൽ ഗുരുതര പരുക്കേറ്റ ആദർശിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പേയാട്–പിടാരം റോഡിൽ കാരാംകോട്ടുകോണം ജംക്‌ഷനു സമീപം ശനിയാഴ്ച രാത്രി 11.45ന് ആണ് സംഭവം. പ്രതികളായ അരുണും സഹോദരൻ അനീഷ്, സുഹൃത്തുക്കളായ സോളമൻ, അജി എന്നിവർ റോഡരികിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു.
ഈ സമയം അതുവഴി പോയ അയൽവാസിയായ രാജേഷിനെ മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ തടഞ്ഞു നിർത്തി മർദിച്ചു. മർദനമേറ്റ രാജേഷ് സുഹൃത്തുക്കളായ ശരത്, അഖിലേഷ്, ആദർശ്, ജോയി എന്നിവരെ ഉടൻ വിളിച്ചു വരുത്തി. തടിക്കഷണങ്ങളുമായി എത്തിയ ഇവർ മദ്യപിച്ചിരുന്നവരെ ആക്രമിച്ചു.
ഇതിനിടെ അരുൺ മദ്യ കുപ്പി പൊട്ടിച്ചു ശരത്തിനെയും ആദർശിനെയും കുത്തി. പിടിച്ചു മാറ്റുന്നതിനിടെയാണു മറ്റുള്ളവർക്കും പരുക്കേറ്റത്. ശരത്തിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെയാണു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. മൃതദേഹം സംസ്കരിച്ചു. ശാലിനി, ശരണ്യ എന്നിവർ സഹോദരിമാരാണ്.