പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത്; നഗരത്തിൽ ഗതാഗത നിയന്ത്രണം
Mail This Article
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 വരെയും നഗരത്തിൽ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
∙നാളെ രാവിലെ 5 മുതൽ ഉച്ചയ്ക്ക് 2 വരെ ആഭ്യന്തര വിമാനത്താവളം, ശംഖുമുഖം, ഓൾ സെയിന്റ്സ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്പ, പൗണ്ട്കടവ് വരെയുള്ള റോഡിലും ഓൾ സെയിന്റ്സ് ജംക്‌ഷൻ മുതൽ ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, വിജെടി, സ്പെൻസർ ജംക്‌ഷൻ, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിനും സെൻട്രൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മേൽപറഞ്ഞ റോഡുകൾക്ക് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
∙ബുധൻ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ആഭ്യന്തര വിമാനത്താവളം, ശംഖുമുഖം, ഓൾ സെയിന്റ്സ്, ചാക്ക, ഈഞ്ചയ്ക്കൽ വരെയുള്ള റോഡിലും വാഹന നിയന്ത്രണം ഏർപ്പെടുത്തി. ഈ റോഡുകൾക്ക് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
∙ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
∙വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ, കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ വഴിയും രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ, അനന്തപുരി ആശുപത്രി, സർവീസ് റോഡ് വഴിയും പോകണം.
∙സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങൾ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളിൽ ആളുകളെ ഇറക്കിയശേഷം വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ടിലോ, കോവളം ബൈപാസിൽ ഈഞ്ചയ്ക്കൽ മുതൽ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാർക്ക് ചെയ്യണം.
∙മേൽപറഞ്ഞ സ്ഥലങ്ങളിൽ നാളെയും ബുധനാഴ്ചയും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഡ്രോൺ പറത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.