ADVERTISEMENT

നെടുമങ്ങാട് ( തിരുവനന്തപുരം) ∙ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ മരിച്ച കേസിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത് പ്രാദേശിക സിപിഎം നേതാക്കളാണെന്നു ബന്ധുക്കൾ. സിദ്ധാർഥനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ കേസ് അട്ടിമറിക്കാൻ ഡീനും ഒരു വിഭാഗം അധ്യാപകരും എസ്എഫ്ഐ നേതൃത്വവും  പദ്ധതിയിട്ടതായും ബന്ധുക്കൾ ആരോപിച്ചു. വിദ്യാർഥികളും പിടിഎ ഭാരവാഹികളും ഇക്കാര്യം തങ്ങളെ  അറിയിക്കുകയായിരുന്നു. 

കേസ് അട്ടിമറിക്കാനുള്ള നീക്കം തുടർന്നാൽ സെക്രട്ടേറിയറ്റിനു മുന്നിൽ ശക്തമായ സമരത്തിനാണ് സിദ്ധാർഥന്റെ മാതാപിതാക്കളുടെ തീരുമാനം.  ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  വിശദമായ അന്വേഷണം നടത്താൻ വൈസ് ചാൻസലറോട് ഗവർണർ ആവശ്യപ്പെട്ടു. പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി എടുത്തതായി ഇന്നലെ  മാതാപിതാക്കളെ സർവകലാശാലാ ഡീൻ ഫോണിൽ  അറിയിച്ചു. മാതാപിതാക്കളെ സന്ദർശിച്ച സിപിഎം ജില്ലാ സെക്രട്ടറിയും ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ വി.ജോയിയും നടപടി  ഉറപ്പു നൽകി. സിദ്ധാർഥന്റെ സഞ്ചയനം ഇന്നലെ നടന്നു.

സിദ്ധാർഥന്റെ നെടുമങ്ങാട് കുറക്കോട്ടെ വീട്ടിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തിയപ്പോൾ.
സിദ്ധാർഥന്റെ നെടുമങ്ങാട് കുറക്കോട്ടെ വീട്ടിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തിയപ്പോൾ.

കോളജിൽ കാലങ്ങളായി എസ്എഫ്ഐ തുടരുന്ന അടിച്ചമർത്തലിന് ഒരു വിഭാഗം അധ്യാപകർ കൂട്ടുനിൽക്കുകയാണെന്നാണ് വിദ്യാർഥികളിൽ ചിലർ ആരോപിക്കുന്നത്.  പരാതിപ്പെടുന്നവരുടെ പേര് എസ്എഫ്ഐ നേതാക്കൾ‌ക്കു ചോർത്തിക്കൊടുത്ത സംഭവവും അടുത്തിടെയുണ്ടായി.  വാലന്റൈൻസ് ഡേയ്ക്ക് സിദ്ധാർഥൻ‌ സീനിയർ വിദ്യാർ‌ഥിനികൾക്ക് ഒപ്പം നൃത്തം ചെയ്തതിന്റെ പേരിലായിരുന്നു എസ്എഫ്ഐ നേതാക്കളുടെ ആക്രമണം. സിദ്ധാർഥന്റെ ക്ലാസിൽ പഠിക്കുന്ന ചിലരും ഇതിനു കൂട്ടുനിന്നു.

സംഭവത്തിനു പിന്നാലെ പുറത്തുനിന്ന് എസ്എഫ്ഐ നേതാക്കൾ കോളജിലെത്തി നടന്ന കാര്യങ്ങൾ പുറത്തു പറയരുതെന്നും പൊലീസിനു മൊഴി നൽകരുതെന്നും ഭീഷണിപ്പെടുത്തിയതായി സിദ്ധാർഥന്റെ ബന്ധുക്കൾ ആരോപിക്കുന്നു. 14ന് വാലന്റൈൻസ് ഡേ ആഘോഷത്തിനു പിന്നാലെ സീനിയർ വിദ്യാർഥികളുടെ ഭീഷണിയുണ്ടായെന്നും ഇതേത്തുടർന്ന് ഭയന്നു പോയ സിദ്ധാർഥൻ പിറ്റേന്ന് നാട്ടിലേക്കു മടങ്ങിയെന്നുമാണ് വീട്ടുകാർ‌ക്കു ലഭിച്ച വിവരം. എന്നാൽ, ട്രെയിനിൽ കൊച്ചിയിൽ എത്തിയപ്പോൾ സഹപാഠികൾ തിരികെ വിളിച്ചു. 

ഹോസ്റ്റലിൽ മടങ്ങിയെത്തിയ സിദ്ധാർഥനെ സഹപാഠികളുടെ ഒത്താശയോടെ സീനിയർ‌ വിദ്യാർഥികൾ ക്രൂരമായി മർദിക്കുകയായിരുന്നു. പരസ്യമായി നൂറോളം വിദ്യാർഥികളുടെ മുന്നിൽ വച്ചു വിവസ്ത്രനാക്കിയും മർദിച്ചു. 15, 16, 17 തീയതികളിൽ ഭക്ഷണമോ വെള്ളമോ നൽകാതെ ഡോർമിറ്ററിയിൽ പാർപ്പിച്ചു.  സീനിയർ വിദ്യാർഥികൾ ഡോർമിറ്ററിയിൽ  മർദിച്ചതാണു സിദ്ധാർഥന്റെ മരണത്തിനു കാരണമെന്നാണു  ബന്ധുക്കൾക്കു ലഭിച്ച രഹസ്യ വിവരം. 18ന് ഉച്ചയ്ക്ക് കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എസ്എഫ്ഐക്കാരെ സംരക്ഷിക്കുന്നത്  അധ്യാപകർ: സതീശൻ
നെടുമങ്ങാട് ∙ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബിവിഎസ്‌സി വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിനു കാരണക്കാരായ എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുന്നത്  അധ്യാപകരാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.  കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ടി.സിദ്ദിഖ് എംഎൽഎയ്ക്കും ഒപ്പം സിദ്ധാർഥന്റെ മാതാപിതാക്കളെ സതീശൻ സന്ദർശിച്ചു.

കോളജിലെ പരിപാടിയിൽ നൃത്തം ചെയ്തതിന്റെ പേരിൽ നൂറുകണക്കിന് വിദ്യാർഥികൾ നോക്കി നിൽക്കെയാണ് വിവസ്ത്രനാക്കി സിദ്ധാർഥനെ എസ്എഫ്ഐക്കാർ മർദിച്ചത്. ഡീൻ ഉൾപ്പെടെയുള്ളവർ അക്രമം മറച്ചുവച്ചത് ഞെട്ടിക്കുന്നതാണ്. ആറ്റുകാൽ പൊങ്കാലയ്ക്ക് വീട്ടിലേക്ക് വന്ന വിദ്യാർഥിയെ തിരിച്ചു വിളിച്ചാണ് മർദിച്ചത്.

സിദ്ധാർഥന്റെ അമ്മ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ചവരാണ് കേസിലെ പ്രതികൾ. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനൽ സംഘമായാണ് കേരളത്തിലെ എസ്എഫ്ഐയെ സിപിഎം വളർത്തിക്കൊണ്ടു വരുന്നത്. പ്രതികളെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടു വന്നില്ലെങ്കിൽ അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു. 

പ്രതികളെ തിരയേണ്ടത് സിപിഎം  ഓഫിസിൽ: വി.മുരളീധരൻ 
നെടുമങ്ങാട് ∙ സിദ്ധാർഥന്റെ മാതാപിതാക്കളെ കേന്ദ്ര മന്ത്രി വി.മുരളീധരൻ സന്ദർശിച്ചു. സിദ്ധാർഥന്റെ മരണം  ഒതുക്കിത്തീർക്കാനായിരുന്നു ആദ്യം മുതലേ പൊലീസും കോളജ് അധികൃതരും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.  സിദ്ധാർഥന്റെ തലയ്ക്കു  പിന്നിലെ ഗുരുതരമായ പരുക്ക് എങ്ങനെ ഉണ്ടായതാണെന്ന് അന്വേഷിക്കാൻ പൊലീസ് തയാറായിട്ടില്ല.

പ്രതികളായ എസ്എഫ്ഐ ക്രിമിനലുകളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഭരണകൂടത്തിന്റെ സംരക്ഷണമുള്ള പ്രതികൾ എവിടെയാണ് ഉണ്ടാവുക എന്ന് പൊലീസിന് നന്നായി അറിയാം. കണ്ടെത്തണമെങ്കിൽ സിപിഎം ഓഫിസുകൾ റെയ്ഡ് ചെയ്താൽ മാത്രം മതി. വീടുകൾ അന്വേഷിച്ച് പുകമറ സൃഷ്ടിച്ചിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com