ഇനിയും കാത്തിരിക്കണം; മാവിളക്കടവ് ശുദ്ധജലപദ്ധതി നടപടികൾ നീളുന്നു

Mail This Article
പാറശാല∙മൂന്നു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിൽ വെള്ളം എത്താൻ ഇനിയും വർഷങ്ങൾ വേണ്ടി വരും. കാരോട്, കുളത്തൂർ, ചെങ്കൽ പഞ്ചായത്തുകളിലെ ആവശ്യങ്ങൾക്കു വേണ്ടി നെയ്യാറിലെ മാവിളക്കടവിൽ പമ്പ് ഹൗസ് സ്ഥാപിച്ച് വെള്ളം എത്തിക്കാൻ ആണ് പദ്ധതി. ഇവിടെ നിന്നുള്ള ജലം പൊൻവിളയിലെ പ്രധാന സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷം ഉച്ചക്കട, കാരോട് എന്നിവിടങ്ങളിൽ നിർമിക്കുന്ന ചെറിയ ടാങ്കുകളിലേക്കു എത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം അഞ്ചുമാസം മുൻപ് കഴിഞ്ഞെങ്കിലും ടെൻഡർ നടപടി പൂർത്തിയായിട്ടില്ല.
കുളത്തൂർ പഞ്ചായത്ത് പ്രദേശത്തേക്കുള്ള വിതരണത്തിനു ഉച്ചക്കട കുന്നുംപുറത്തും കാരോടിനു വേണ്ടി കാരോട് യുപി സ്കൂളിനു സമീപം എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തി എങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല. മാവിളക്കടവിൽ നിന്ന് എട്ടു കിലോമീറ്ററോളം വരുന്ന പൊൻവിളയിലേക്ക് റോഡ് വഴി പൈപ്പുകൾ എത്തിക്കാൻ സമയം കൂടുതൽ വേണ്ടി വരും . കുളത്തൂർ പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും ജലജീവൻ പദ്ധതി പ്രകാരം വെള്ളം എത്തിക്കാൻ വീടുകളിലേക്ക് പൈപ്പുകൾ സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ജലക്ഷാമം രൂക്ഷമായ ആറു വാർഡുകൾ തീരദേശ മേഖലയിൽ പെടുന്ന കുളത്തൂരിൽ അടക്കം ശുദ്ധജലം എത്തുന്ന പദ്ധതി പ്രദേശവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.