ADVERTISEMENT

കിളിമാനൂർ∙ നിർമാണം തുടങ്ങി ഒരു വർഷം ആയിട്ടും വയ്യാറ്റിൻകര പാലം നിർമാണം പൂർത്തിയായില്ല, യാത്രക്കാരുടെ വയ്യാ വേലിക്ക് ഇനിയും പരിഹാരം   അകലെ. കുറവൻകുഴി അടയമൺ തൊളിക്കുഴി റോഡിലെ വയ്യാറ്റിൻകര പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്ന പണി 2023 ഏപ്രിൽ 17ന് ആണ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കുമെന്നാണ് അധികൃതർ അന്ന് പറഞ്ഞത്. ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന നിർമാണം പൂർത്തിയാക്കാൻ  ഇനിയും മാസങ്ങൾ വേണ്ടി വരുമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആശങ്ക. 3.60 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. 11 മീറ്റർ വീതിയും 11 മീറ്റർ നീളവും ഉള്ള പുതിയ പാലത്തിന്റെ കോൺക്രീറ്റ്  ഓഗസ്റ്റ് മാസത്തിൽ പൂർത്തിയായി. 

പാർശ്വ ഭിത്തി, അപ്രോച്ച് റോഡ്  എന്നിവയുടെ നിർമാണം ആണ് ഇഴയുന്നത്. എ.സമ്പത്തിന്റെ  എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റുന്നതിലെ തർക്കം കാരണം നിർമാണ പ്രവർത്തനം  മൂന്നു മാസം മുടങ്ങിയിരുന്നു. കാത്തിരിപ്പ് കേന്ദ്രം പൊളിക്കണമെങ്കിൽ പകരം നിർമിക്കാം എന്ന ഉറപ്പ് ലഭിക്കണമെന്ന് ജില്ല കലക്ടർ നിലപാട് എടുത്തതാണ് നിർമാണ പ്രവർത്തനം മൂന്നു മാസം മുടങ്ങാൻ കാരണമായത്. ഇതു സംബന്ധിച്ച് മനോരമ നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ട ഒ.എസ്.അംബിക എംഎൽഎ ഇടപ്പെട്ടതോടെയാണ്  പ്രശ്നത്തിന് പരിഹാരം ആയത്.  

ഉറപ്പ് ഇല്ലാത്ത മണ്ണ് പാർശ്വ ഭിത്തി കെട്ടുന്നതിനും കാലതാമസം ഉണ്ടാക്കി. ബലമില്ലാത്ത മണ്ണ് ആയതിനാൽ ഒറ്റയടിക്ക് വാനം വെട്ടി കോൺക്രീറ്റ് നടത്താൻ പറ്റാതെ വന്നു. 70 മീറ്റർ നീളത്തിലും 6 മീറ്റർ ഉയരത്തിലും ആണ് പുതുതായി പാർശ്വ ഭിത്തി നിർമ്മിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും പാലം നിർമാണം നീളുന്നതിന് കാരണമായി. പഴയ പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചു. പൊലീസ് സ്റ്റേഷൻ,ചാരുപാറ  മൊട്ടക്കുഴി വഴിയാണ് വാഹനങ്ങൾ ഇപ്പോൾ ഓടുന്നത്.

അടയമൺ ഗവ.കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പോകുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. നിർമാണം എന്ന് പൂർത്തിയാകും എന്ന് ഉറപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഇതുവരെ നിർമാണം പൂർത്തിയായ അപ്രോച്ച് റോഡിൽ മണ്ണിട്ട് നികത്തി ഇരുചക്ര വാഹനങ്ങളും ഓട്ടോകളും പാലത്തിൽ കൂടി കടത്തി വിടുന്നതിന് സൗകര്യം ഒരുക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com