മുഖ്യമന്ത്രിക്ക് എതിരെ അസഭ്യം; യുവാവിനെതിരെ കേസ്

Mail This Article
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നോക്കി മൈക്രോഫോണിലൂടെ പിണറായി വിജയനെ അസഭ്യം പറഞ്ഞ സംഭവത്തിൽ പാറശാല സ്വദേശി ശ്രീജിത്തിനെതിരെ കേസ്. അസഹ്യമായ രീതിയിൽ അസഭ്യം വിളിച്ചതിനും പൊതുജനങ്ങൾക്കിടയിൽ ലഹള ഉണ്ടാക്കുന്ന വിധത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനുമാണ് കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ശ്രീജിത്ത് മൈക്രോഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറയുന്നതു കേട്ടുനിന്നവർ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.
രണ്ടു ദിവസം മുൻപു പുറത്തുവന്ന വിഡിയോ തെളിവായി കണക്കാക്കിയാണ് കേസെടുത്തത്. സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ശരിയായ രീതിയിൽ നടത്തിയില്ലെന്ന് ആരോപിച്ച് 9 വർഷമായി ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുകയാണ്. 2014 മേയ് 19നു പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയിൽ എടുത്തു. മേയ് 21 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ശ്രീജിവ് മരിച്ചു.
ശ്രീജിവിന്റേത് കസ്റ്റഡിമരണം എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാൽ ശ്രീജിവ് ആത്മഹത്യ ചെയ്തെന്നായിരുന്നു തുടക്കം മുതൽ പൊലീസിന്റെ ഭാഷ്യം. അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടാണു ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിക്കുന്നത്. നടൻ ടൊവിനോ തോമസ് ഉൾപ്പെടെയുള്ളവർ ശ്രീജിത്തിനു പിന്തുണയുമായി എത്തി. തുടർന്ന് അന്വേഷണം സിബിഐക്കു വിട്ടെങ്കിലും ശ്രീജിവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അവരുടെ കണ്ടെത്തൽ. സിബിഐയും കേസ് അട്ടിമറിച്ചുവെന്ന ആരോപണം ഉന്നയിച്ചാണു ശ്രീജിത്ത് സമരം തുടരുന്നത്.