ADVERTISEMENT

തിരുവനന്തപുരം ∙ സിദ്ധാർഥന്റെ ചിതയെരിഞ്ഞ മണ്ണിൽ ഉയർന്ന സ്മാരകത്തിലെ ഗ്രാനൈറ്റ് പാളിയിൽ പതിച്ച മകന്റെ ചിത്രത്തിലേക്ക് ഒന്നു നോക്കാനേ ഷീബയ്ക്ക് കഴിഞ്ഞുള്ളൂ. മകനില്ലാത്ത 41 ദിവസങ്ങളുടെ വേദന ഉള്ളിൽ വീണ്ടും തറഞ്ഞപോലെ കരച്ചിലടങ്ങാതെ ഷീബ കുഴഞ്ഞുവീണു.

ബന്ധുക്കൾ ചേർന്ന് ഉമ്മറപ്പടിയിൽ അമ്മ രാധയുടെ മടിയിലേക്ക് കിടത്തി. ഷീബയെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ആർക്കും ഊ ദുര്യോഗമുണ്ടാകരുതെന്ന് വിലപിച്ചു സിദ്ധാർഥന്റെ സ്മാരകത്തിനരികിലെ തെങ്ങിൽ ചാരി നിന്നു അച്ഛൻ ജയപ്രകാശ്. ചേട്ടന്റെ സ്മാരകത്തിൽ പൂക്കളർപ്പിച്ച് കരയുകയായിരുന്നു പവൻ പ്രകാശ് അപ്പോഴും.

പൂക്കോട് വെറ്ററിനറി കോളജിൽ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ സിദ്ധാർഥന്റെ 41ാം ചരമ ദിനത്തിലെ കർമങ്ങളാണ്, ചിതയൊരുക്കിയ തറവാട്ടുവീട്ടുമുറ്റത്ത് ഇന്നലെ നടന്നത്. 8 വർഷം മുൻപ് ജയപ്രകാശ് ദുബായിലായിരുന്നപ്പോഴാണ് അച്ഛൻ തങ്കപ്പൻപിള്ള മരിച്ചത്.

അന്ന് ചടങ്ങുകളെല്ലാം ചെയ്തത് സിദ്ധാർഥനായിരുന്നു. മുത്തച്ഛന്റെ ഓർമയ്ക്ക് സിദ്ധാർഥൻ തന്നെ നട്ടുപിടിപ്പിച്ച തെങ്ങിന്റെ തണലിലാണ് സിദ്ധാർഥന്റെ ചിതയൊരുങ്ങിയത്. ഇവിടെ മകനായി ജയപ്രകാശ് സ്മാരകം പണിതു. 

ഇന്നലെ രാവിലെ 10 ന് നെടുമങ്ങാട് കുന്നുംപുറത്തു വീട്ടിലായിരുന്നു ചടങ്ങുകൾ. സിദ്ധാർഥന്റെ കുടുംബം താമസിക്കുന്ന ‘പവിത്രം’ എന്ന വീട്ടിൽ നിന്നും 300 മീറ്റർ അകലെയാണ് തറവാട്. 10 വയസ്സുവരെ സിദ്ധാർഥൻ ജീവിച്ചത് ഇവിടെയാണ്. 

കഴിഞ്ഞ ഡിസംബറിലാണ് സുഹൃത്തുക്കൾക്കൊപ്പം സിദ്ധാർഥൻ ഇവിടെ അവസാനമായി എത്തിയത്. അന്ന് അവർക്ക് ഭക്ഷണമുണ്ടാക്കി വിളമ്പിയത് ഷീബയായിരുന്നു. അതിൽ ചിലർ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലാണ്.തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ സിദ്ധാർഥന്റെ സഹോദരൻ പവൻ പ്രകാശാണ് ബല തർപ്പണവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT