ADVERTISEMENT

പാലോട് ∙ ചുട്ടുപൊള്ളുന്ന അവധിക്കാലത്തെ കുളിർമയേകുന്ന ആസ്വാദനമാണ് പെരിങ്ങമ്മല പഞ്ചായത്തിലെ മങ്കയം, ബ്രൈമൂർ മലമടക്കുകൾ സമ്മാനിക്കുന്നത്. സർക്കാർ, സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയുണ്ട്. മങ്കയത്തെത്തിയാൽ വനം വകുപ്പിന്റെ ഇക്കോ ടൂറിസത്തിലെ വെള്ളച്ചാട്ടങ്ങളും പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കാം.

അവിടെ നിന്ന് നാലര കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൈമൂർ മേഖലയിലെത്താം. മങ്കയത്തു നിന്ന് കുന്നുകയറിയുള്ള ബ്രൈമൂറിലേക്കുള്ള യാത്ര സാഹസികതയും പ്രകൃതി കാഴ്ചകളും നിറഞ്ഞതാണ്. റോഡ് അവസാനിക്കുന്നത് ബ്രിട്ടിഷ് നിർമിത എസ്റ്റേറ്റിലാണ്. വനത്താൽ ചുറ്റപ്പെട്ട ഈ സ്വകാര്യ എസ്റ്റേറ്റിലും വിനോദ സഞ്ചാരികൾക്ക് ഫീസ് നൽകി സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. എസ്റ്റേറ്റിനുള്ളിൽ 1883ൽ സ്ഥാപിച്ചു പ്രവർത്തനം നിലച്ചു കിടക്കുന്ന തേയില ഫാക്ടറിയുണ്ട്. ബ്രിട്ടിഷ് ബംഗ്ലാവ്, കുതിരപ്പാത, ഹെലിപ്പാഡ്, മാഞ്ചിയം കാട്, അഞ്ചോളം വെള്ളച്ചാട്ടങ്ങൾ, കുളിക്കടവ്, വിവിധയിനം കൃഷികൾ എന്നിവയും കണ്ടു വരാം.

താമസിക്കുന്നവർക്ക് ഗെസ്റ്റ് ഹൗസുകളും ഉണ്ട്. എസ്റ്റേറ്റിനുള്ളിൽ 2 കിലോമീറ്റർ ദൂരത്തിൽ ട്രക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ നിന്ന് പൊൻമുടിയിലേക്ക് നടന്നു കയറാം. പാലോട് നിന്ന് പെരിങ്ങമ്മല ഇടിഞ്ഞാർ വഴി മങ്കയത്തേക്കും അവിടെ നിന്ന് ബ്രൈമൂറിലേക്കും എത്താം.

പൊൻമുടി – ബ്രൈമൂർ റോപ് വേ ജലരേഖയായി
പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യവും സർക്കാർ, സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സാന്നിധ്യവും കണക്കിലെടുത്തു 2016ൽ എൽഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയ പൊൻമുടി ബ്രൈമൂർ റോപ് വേ യാഥാർഥ്യമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com