ഒരു പതിറ്റാണ്ടോളമായുള്ള കാത്തിരിപ്പ്; തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു
Mail This Article
തിരുവനന്തപുരം∙ ലോകകപ്പ് ക്രിക്കറ്റിൽ അനന്തപുരിയുടെ മേൽവിലാസമായാണു തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്. ഇന്ത്യയ്ക്കും യുഎഇക്കുമായി ലോകകപ്പ് ക്രിക്കറ്റ് കളിച്ച മലയാളികൾ വേറെയുണ്ടെങ്കിലും ഒരു തിരുവനന്തപുരം സ്വദേശി ഈ ലോക ചാംപ്യൻഷിപ്പ് ടീമിലെത്തുന്നത് ഇതാദ്യം.
നീണ്ട കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമൊടുവിൽ സഞ്ജു ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയതിന്റെ ആവേശത്തിലാണു കുടുംബവും തലസ്ഥാനത്തെ ക്രിക്കറ്റ് ആരാധകരും. അർഹിച്ച അംഗീകാരം വൈകിയെന്ന പരാതിയുണ്ടെങ്കിലും അതിന് സഞ്ജു ബാറ്റ് കൊണ്ടു മറുപടി നൽകുമെന്ന പ്രതീക്ഷയിലാണവർ.
സഞ്ജുവിന്റെ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഒരു പതിറ്റാണ്ടോളമായുള്ള കാത്തിരിപ്പാണ് ഇപ്പോൾ സഫലമാകുന്നതെന്നും സഞ്ജുവിന്റെ അച്ഛൻ സാംസൺ വിശ്വനാഥും അമ്മ ലിജിയും ക്രിക്കറ്റ് താരം കൂടിയായ സഹോദരൻ സലി സാംസണും പറയുന്നു. ലോകകപ്പിൽ പരമാവധി മത്സരങ്ങളിൽ കളിക്കാനും നന്നായി തിളങ്ങാനും കഴിയട്ടെ എന്ന പ്രാർഥനയിലാണവർ. എല്ലാവരും കാത്തിരുന്ന നേട്ടം ഒടുവിൽ കൈവന്നതിന്റെ ആഹ്ലാദത്തിലാണ് ഭാര്യ ചാരുലതയും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ തന്നെ ലോകകപ്പ് ടീമിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ആരാധകർ. പതിവ് പോലെ സഞ്ജുവിനായി സമൂഹ മാധ്യമ അക്കൗണ്ടുകളിലും ശക്തമായ പിന്തുണയാണ് ഉയർന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ സഞ്ജുവിന്റെ കളിക്ക് തലസ്ഥാനം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇവിടെ രാജ്യാന്തര മത്സരം കളിക്കാനുള്ള അവസരം ഇതുവരെ കൈവന്നിട്ടില്ല. ഇതും പലപ്പോഴും ആരാധക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വെടിക്കെട്ട് ബാറ്റിങ് മികവുമായി ഐപിഎല്ലിൽ എത്തിയതോടെയാണ് സഞ്ജു രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടിയതും ഇന്ത്യൻ ടീമിൽ എത്തിയതും. അപ്പോഴും ലോകകപ്പ് ടീമിലെത്താനുള്ള കാത്തിരിപ്പ് ഇതുവരെ നീണ്ടു.
പൂവാർ പുല്ലുവിള സ്വദേശിയാണു സഞ്ജു. ഡൽഹി പൊലീസ് കോൺസ്റ്റബിളും ഫുട്ബോൾ താരവുമായിരുന്ന അച്ഛൻ സാംസൺ വിശ്വനാഥ് മക്കളുടെ കായികഭാവി ലക്ഷ്യം വച്ചു കേരളത്തിലേക്കു മാറാനായി ജോലി രാജിവയ്ക്കുകയായിരുന്നു. അദ്ദേഹം സ്വപ്നം കണ്ട രീതിയിൽ രണ്ടു മക്കളും ക്രിക്കറ്റിൽ മുന്നേറുകയും ചെയ്തു. ജൂനിയർ കേരള ടീമിൽ അംഗമായിരുന്ന മൂത്ത മകൻ സലി നിലവിൽ ഏജീസ് ഓഫിസ് ടീം അംഗമാണ്. കഴിഞ്ഞ മാസം നടന്ന ദേശീയ ഏജീസ് ക്രിക്കറ്റിലെ മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.
അണ്ടർ 13 ഘട്ടം മുതൽ മിന്നുന്ന പ്രടനവുമായി സംസ്ഥാന ടീമിലെ സ്ഥിരം സാനിധ്യമായ സഞ്ജുവിന്റെ തുടക്ക കാലത്തെ പ്രധാന പരിശീലന തട്ടകം മെഡിക്കൽ കോളജ് ഗ്രൗണ്ടായിരുന്നു. അവിടെ ബിസിസിഐ പരിശീലകനായ ബിജു ജോർജാണ് സഞ്ജുവിലെ പ്രതിഭയെ മിനുക്കിയെടുത്തത്.
മുൻ കേരള ക്യാപ്റ്റൻ റൈഫി വിൻസന്റ് ഗോമസ് അടക്കം തലസ്ഥാനത്ത് അടുത്തൊരു സൗഹൃദ വലയവുമുണ്ട് സഞ്ജുവിന്. നാട്ടിലെത്തിയാൽ പരിശീലനത്തിലും ഇവർ കൂട്ടായുണ്ട്.