സംഘടനാപരമായ വീഴ്ചകളുമുണ്ടായി: അടൂർപ്രകാശ്
Mail This Article
തിരുവനന്തപുരം ∙ ചിലയിടങ്ങളിലെ സംഘടനാപരമായ വീഴ്ചകളും ആറ്റിങ്ങൽ മണ്ഡലത്തിലെ ഭൂരിപക്ഷം കുറയാൻ കാരണമായെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. അതേക്കുറിച്ചു തൽക്കാലം അഭിപ്രായം പറയുന്നില്ല. എല്ലായിടത്തും വേണ്ടവിധം പ്രവർത്തനം നടന്നിട്ടില്ലെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. വിവിധ വിഷയങ്ങളിൽ അടൂർ പ്രകാശ് മനസ്സ് തുറക്കുന്നു:
വോട്ടു കുറഞ്ഞ പ്രദേശങ്ങളിൽ പ്രവർത്തനം ശക്തിപ്പെടുത്തുമോ?
പാർട്ടിയുടെ പ്രവർത്തനം ശക്തമാക്കുന്നതിനെക്കുറിച്ച് പാർട്ടി യോഗം ചേർന്നു തീരുമാനിക്കണം. എനിക്ക് ഒറ്റയ്ക്ക് അതുമായി പോകാൻ കഴിയില്ല. എന്തായാലും പാർട്ടിയെ കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും യോജിച്ചേ മതിയാകൂ.
ഏറ്റവും ശക്തമായ മത്സരം ഫോട്ടോഫിനിഷിലേക്ക് എത്തിയപ്പോൾ ആശങ്കയുണ്ടായോ? അതു പ്രതീക്ഷിച്ചിരുന്നോ?
സ്വാഭാവികമായും ആശങ്കയുണ്ടായിരുന്നു. ഫോട്ടോ ഫിനിഷ് ആകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ഈ തിരഞ്ഞെടുപ്പിൽ, ഒരിക്കലും ന്യായീകരിക്കാനാകാത്ത പ്രവർത്തനങ്ങളാണ് ആറ്റിങ്ങലിൽ ബിജെപിയും സിപിഎമ്മും നടത്തിയത്. പണാധിപത്യത്തിലൂടെ കേരളത്തിൽ പുതിയ രാഷ്ട്രീയ സംസ്കാരം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചത്. സ്ഥലം എംപിയായ എന്നെ അറിയിക്കാതെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പൊതുമേഖലാ ബാങ്കുകളെ ഉൾപ്പെടുത്തി തൊഴിൽ നൽകുമെന്നു പ്രചാരണം നൽകി യുവാക്കളെ സംഘടിപ്പിച്ചു നടത്തിയ പരിപാടികളിൽ കേന്ദ്ര ധനമന്ത്രി പങ്കെടുത്തു. അധികാരവും പണവും ദുരുപയോഗം ചെയ്തു നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണമാണ് ഇതൊക്കെ.
ബിജെപി ഒന്നാം സ്ഥാനത്തെത്തിയ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കും കാട്ടാക്കടയിൽ രണ്ടാം സ്ഥാനത്തേക്കും പോയല്ലോ?
പണത്തിന്റെ സ്വാധീനം ഒരു ഭാഗത്തുണ്ട്. അതു പ്രധാനപ്പെട്ട വിഷയമാണ്.
പല മണ്ഡലങ്ങളിലും മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വലിയ വോട്ടുവ്യത്യാസമുണ്ടായി?
പല മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു വോട്ട് കുറഞ്ഞിട്ടുണ്ട്. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ വച്ചു നോക്കുമ്പോൾ വിവിധ മണ്ഡലങ്ങളിലെ ഭൂരിപക്ഷം പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്.
ലോക്സഭയിലേക്കു മത്സരിക്കാൻ താൽപര്യമില്ലെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ?
ഇനി ലോക്സഭയിലേക്കു മത്സരിക്കാൻ താൽപര്യമില്ലെന്നു പാർട്ടിയുമായി ബന്ധപ്പെട്ടു പറയേണ്ട തലങ്ങളിൽ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, പ്രത്യേക സാഹചര്യത്തിൽ മത്സരിക്കണമെന്നു പാർട്ടി നിർദേശിച്ചപ്പോൾ ഞാൻ മറ്റൊന്നും ആലോചിച്ചില്ല. അതനുസരിച്ചു മുന്നോട്ടുപോയി.
കെപിസിസി പ്രസിഡന്റ് ആകാൻ ഇപ്പോഴും താൽപര്യമുണ്ടോ?
അതു പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്. ഞാൻ അഭിപ്രായം പറയുന്നതു ശരിയല്ല.
എംപി എന്ന നിലയിൽ മുൻഗണന മാറ്റുന്നുണ്ടോ? ഇനി എന്തൊക്കെ വിഷയങ്ങളിലാണ് മുൻഗണന?
തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കാൻ ഇടപെടണം. ദേശീയപാതയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. അതനുസരിച്ചു മുന്നോട്ടു പോകാൻ കഴിഞ്ഞു. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന തീവ്രമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ തുടരും. ഇതിനകം എഴുപതിൽ അധികം ആളുകൾ മരിച്ചു.
ശാശ്വതമായ പരിഹാരമാണ് ആവശ്യം. ആര് അധികാരത്തിൽ എത്തിയാലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതു വരെ പാർലമെന്റിൽ ഇടപെടും.കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം നിശ്ചിത എണ്ണം ആളുകൾ താമസിക്കുന്ന നഗരങ്ങളെ ബന്ധിപ്പിച്ച് റെയിൽവേ ലൈൻ വികസിപ്പിക്കാൻ പദ്ധതിയുണ്ട്. അതിൽ നെടുമങ്ങാട് നഗരത്തെ ഉൾപ്പെടുത്താൻ ശുപാർശ നൽകിയിട്ടുണ്ട്. അതും നടപ്പാക്കണം.