'ഒരു അപസ്മാര രോഗിക്കും ഈ അവസ്ഥ ഉണ്ടാകരുത്': മെഡിക്കൽ കോളജ് മര്‍ദനത്തില്‍ യുവാവിന്റെ പരാതി
Mail This Article
തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് കാട്ടി അപസ്മാര ബാധയുമായി ചികിത്സ തേടി എത്തിയ യുവാവ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്കി. പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി.ശ്രീകുമാറാണ് പരാതി നല്‍കിയത്. ശ്രീകുമാറിനെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മേയ് 16ന് വീട്ടില്‍വച്ച് അപസ്മാരബാധയുണ്ടായതിനെ തുടര്‍ന്ന് സുഹൃത്ത് തന്നെ പേരൂര്‍ക്കട ആശുപത്രിയില്‍ കൊണ്ടുപോയെന്നും തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെന്നും പരാതിയില്‍ പറയുന്നു. അഡ്മിറ്റ് ചെയ്ത ശേഷം സുഹൃത്ത് അമ്മയെ വിളിക്കാന്‍ വീട്ടിലേക്കു പോയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സെക്യൂരിറ്റി ഓഫിസറുടെ മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. അവിടെവച്ച് സിവില്‍ വേഷത്തിലുള്ള ഒരു വ്യക്തി മര്‍ദിക്കുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ നോക്കിനിന്നു. മൊബൈലും വാച്ചും പൊട്ടിപ്പോയി. എന്തിനാണ് മര്‍ദിച്ചതെന്ന് അറിയില്ല. അപസ്മാര ബാധിതരായി എത്തുന്ന ഒരു രോഗിക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകരുതെന്നും പരാതിയില്‍ പറയുന്നു. ആരോഗ്യവകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും ശ്രീകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.