ജയിലിൽ ലഹരി വസ്തു എത്തിച്ചില്ല; കൂട്ടാളിയെ വീടുകയറി വെട്ടി ഗുണ്ടാസംഘം
Mail This Article
തിരുവനന്തപുരം∙ വിയ്യൂർ ജയിലിൽ ലഹരി വസ്തു എത്തിക്കാൻ വിസമ്മതിച്ച കൂട്ടാളിയെ ഗുണ്ടാ സംഘം വീട് കയറി വെട്ടി പരുക്കേൽപിച്ചു. പൂജപ്പുര തൃക്കണ്ണാപുരം ടഗോർ റോഡ് സിഎസ്ഐ പള്ളിക്ക് സമീപം ശ്രീവിനായകത്തിൽ ശരത്തിനെയാണു വെട്ടിയത്. വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയും ഹെൽമറ്റ് കൊണ്ട് അടിച്ച് കഴുത്തിലും പരുക്കേൽപിച്ചു. സംഭവത്തിൽ മലയിൻകീഴ് പെരുകാവ് പിടാരം സ്വദേശികളായ ഷമീർ (24),വിനീഷ് (24) തൃക്കണ്ണാപുരം ഞാലിക്കോണം പുതുവൽ പുത്തൻവീട്ടിൽ ഗോകുൽ മഹേന്ദ്രൻ (25) എന്നിവരെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു.
ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ശ്രീജിത്ത് ഉണ്ണി എന്ന ഗുണ്ടയുടെ സംഘത്തിൽപെട്ടവരാണ് വെട്ടേറ്റയാളും പ്രതികളും. ഇവർ പലതവണ ശ്രീജിത്ത് ഉണ്ണിക്ക് ജയിലിൽ ലഹരി എത്തിച്ചെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് നിറച്ച കുപ്പി മതിലിനു സമീപത്തു നിന്നു ജയിൽ വളപ്പിലേക്ക് എറിഞ്ഞു കൊടുക്കും. ശരത്ത് ആണ് കൃത്യസ്ഥാനത്ത് കുപ്പി എറിയുന്നത്. ഗോകുൽ ജയിലിൽ നിന്നും ഇറങ്ങി രണ്ടാം ദിവസമാണ് ആക്രമണം നടത്തിയത്. ബൈക്ക്, 40,000 രൂപ വിലവരുന്ന മൊബൈൽഫോൺ, 7000 രൂപ അടങ്ങിയ പഴ്സ് എന്നിവയും കവർന്നു.