വനിതാ സഹപാഠികളുടെ പേരിൽ ഡേറ്റിങ് ആപ്പിൽ വ്യാജ അക്കൗണ്ട്: നിയമ വിദ്യാർഥിക്കെതിരെ കേസ്
Mail This Article
തിരുവനന്തപുരം∙ ഗവ.ലോ കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ സഹപാഠിയായ വിദ്യാർഥിനിയുടെ പേരിൽ ഡേറ്റിങ് ആപ്പുകളിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അക്കൗണ്ടുകൾ നിർമിച്ചതു ആരോപണവിധേയന്റെ മൊബൈൽ ഫോൺ നമ്പറിൽ നിന്നാണെന്നു പൊലീസ് കണ്ടെത്തി. എസ്എഫ്ഐ പ്രവർത്തകയടക്കം കോളജിലെ 12 പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് നിർമിച്ചെന്നാണ് ആരോപണം. എന്നാൽ എറണാകുളം സ്വദേശിയായ വനിതാ കെഎസ്‌യു നേതാവ് മാത്രമാണ് പരാതി നൽകിയത്.
സംഭവം വിവാദമായതോടെ ആരോപണവിധേയനെ പുറത്താക്കിയതായി എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അറിയിച്ചു.വനിതാസഖാക്കളുടെ അടക്കം വ്യാജ അക്കൗണ്ടുകൾ ഡേറ്റിങ് ആപ്പുകളിൽ നിർമിക്കുകയും പലരുമായി അശ്ലീല ചാറ്റ് നടത്തുകയും ചെയ്ത അംഗത്തെ യൂണിറ്റിൽ നിന്നു പുറത്താക്കിയെന്നും പ്രാഥമിക അംഗത്വത്തിൽ നിന്നു നീക്കം ചെയ്യാൻ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നുമാണ് സമൂഹമാധ്യമത്തിൽ യൂണിറ്റ് കമ്മിറ്റിയുടെ കുറിപ്പ്.
എസ്എഫ്ഐ പ്രവർത്തകനെ കോളജിൽ നിന്നു സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കഴിഞ്ഞ ദിവസം കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. പ്രതിയെ കുറിച്ച് പൊലീസിൽ നിന്നു അറിയിപ്പ് ലഭിച്ചാലുടൻ നടപടി എടുക്കുമെന്ന് പ്രിൻസിപ്പൽ ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിച്ചത്.
പരാതിക്കാരി പൊലീസിനോട് പറഞ്ഞത്: ഇൻസ്റ്റഗ്രാം പ്രൈവറ്റ് അക്കൗണ്ടിലെ ഫോട്ടോകൾ ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകൾ നിർമിച്ചത്. തന്റെ വ്യക്തിവിവരങ്ങളും അശ്ലീല സന്ദേശങ്ങളും അയയ്ക്കുകയും പിന്നീട് വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം മറ്റൊരു ഡേറ്റിങ് ആപ്പിൽ തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള അക്കൗണ്ട് പ്രത്യക്ഷപ്പെട്ടതോടെ പലരും അശ്ലീല സന്ദേശങ്ങൾ അയച്ചു തുടങ്ങി. ഒടുവിൽ ഫെയ്സ്ബുക്കിലും വ്യാജ അക്കൗണ്ട് നിർമിച്ച് ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു.