താഴെവെട്ടൂർ തീരത്ത് ശക്തമായ കാറ്റുവീശൽ; വ്യാപക നഷ്ടം

Mail This Article
വെട്ടൂർ∙ പഞ്ചായത്തിൽ താഴെ വെട്ടൂർ മേഖലയിൽ വീശിയ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ചുഴലിയുടെ രൂപത്തിൽ മഴയ്ക്കൊപ്പം വീശിയ കാറ്റിൽ മരങ്ങൾക്കൊപ്പം നിരവധി വൈദ്യുതി തൂണുകളും തകർന്നു. മേഖലയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ടിബി മുക്ക് ഫിഷർമെൻ കോളനി, ചാലക്കര, ഊറ്റുകുഴി ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്.

നടവഴികളിൽ മരം വീണു. ഒപ്പം മിക്ക വീടുകളിലേയും വൈദ്യുതി വിതരണ കമ്പികൾ വൈദ്യുതി തൂണുകൾക്കൊപ്പം പൊട്ടിവീണു. വീടുകൾക്ക് മീതെയും മരങ്ങൾ വീണു നാശനഷ്ടം നേരിട്ടു. ചില വീടുകളും ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ ഇളകി വീണു. ആർക്കും പരുക്കില്ല. ഉച്ചയ്ക്കു 12 മണിയോടെയാണ് മഴയും കാറ്റും വീശിയത്. നിമിഷങ്ങളോളം വീശിയ കാറ്റിൽ മരങ്ങൾ പലതും കടപുഴകി വീണു. ചില മരങ്ങളുടെ കൊമ്പുകൾ വീടിനു മേൽ പതിച്ചു. ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന ഖാലിദ് മൻസിലിൽ ടി.ഖാലിദിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ ഇളകി മാറി. ആർക്കും പരുക്കില്ല.

ചാലക്കര റോഡിൽ താമസിക്കുന്ന പുത്തൻവിള തെക്കതിൽ റഫീസയുടെ വീടിനു മേൽ തെങ്ങും തേക്കും ഒരേസമയം പതിച്ചു വീടിന്റെ അടുക്കള ഭാഗം തകർന്നു. അപകടസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. താഴെ വെട്ടൂർ പുളിമുക്കിനു സമീപം അമാന്റെ വീടിന്റെ ഷീറ്റ് മേൽക്കൂരയും തകർന്നുവീണു. ചിലക്കൂർ മുസ്ളിം പള്ളി വളപ്പിലെ നിരവധി മരങ്ങളും കാറ്റിൽ നിലംപതിച്ചു.

പരിധിയിൽ 50 ഓളം വീടുകൾക്ക് ഭാഗികമായി നാശനഷ്ടം നേരിട്ടതായി വില്ലേജ് അധികൃതർ അറിയിച്ചു. 25 വൈദ്യുതി തൂണുകളും ഏകദേശം 200 മരങ്ങളും വീണിട്ടുണ്ട്. താഴെവെട്ടൂർ ജംക്‌ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും കനാലിൽ പതിച്ചു. നിർത്തിയിട്ട ഒരു ഓട്ടോയും കനാലിൽ വീണിട്ടുണ്ട്. നഷ്ടത്തിന്റെ കണക്കുകൾ തിട്ടപ്പെടുത്തുന്നതായി വില്ലേജ് അധികൃതർ അറിയിച്ചു.
ശക്തമായ കാറ്റടിച്ചത് മൂന്നു മിനിറ്റ് നേരം
വെട്ടൂർ∙ കടൽതീരത്തെ കുന്നിൻപുറത്ത് സ്ഥിതി ചെയ്യുന്ന താഴെവെട്ടൂർ ഫിഷർമെൻ കോളനി പരിസരത്ത് ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ ശക്തമായ കാറ്റ് വീശിയത് വെറും മൂന്നു മിനിറ്റ് നേരമെന്നു വില്ലേജ് അധികൃതർ. മറ്റു പ്രദേശങ്ങളെ ബാധിക്കാതെ വീശിയ കാറ്റ് അപൂർവമെന്നാണ് വിലയിരുത്തൽ. കാറ്റിൽ ആളപായമില്ലാതിരുന്നതും ആശ്വാസകരമായി. പെട്ടെന്നു അന്തരീക്ഷം ഇരുണ്ട് മഴ ആരംഭിച്ചതിനൊപ്പമാണ് കടൽതീരത്ത് ശക്തമായ കാറ്റ് വീശി കുന്നിൻ പുറത്തെ മരങ്ങളെ കടപുഴക്കിയും കൊമ്പുകൾ ഒടിച്ചും നാശനഷ്ടം സംഭവിച്ചത്. വൈദ്യുതി ലൈനുകൾ മിക്കയിടത്തും തകർന്നു. ഇവ നേരയാക്കാൻ സമയം വേണ്ടിവരും. മൊത്തം ഒരു കോടിയുടെ നഷ്ടം വരുമെന്നാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് അസിം ഹുസൈൻ പറയുന്നത്.