സ്മാർട് റോഡ് ഒന്നാം ഘട്ടം നാളെ തീരില്ല; പണി പലതും ഇനിയും ബാക്കി

Mail This Article
തിരുവനന്തപുരം∙നഗരത്തിലെ സ്മാർട് റോഡുകളുടെ നിർമാണം നാളെ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം നടപ്പാകില്ല.കിള്ളിപ്പാലം–അട്ടകുളങ്ങര, ഉപ്പിടാമൂട്–ഓവർബ്രിജ്, വഞ്ചിയൂർ–ജന.ആശുപത്രി, എംജി രാധാകൃഷ്ണൻ റോഡ് എന്നീ 4 റോഡുകളിൽ ഒരുപാട് ജോലിക ബാക്കിയുണ്ട്.ഓട നിർമാണമാണു മിക്കയിടത്തും നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ കഴിയാതെ വന്നിരിക്കുന്നത്. ഉപ്പിടാമൂട്–ഓവർബ്രിജ് റോഡിൽ തിയറ്റർ കോംപ്ലക്സിനു മുന്നിൽ കുറച്ചു ഭാഗം ടാർ ചെയ്തെങ്കിലും ചെട്ടികുളങ്ങര മുതൽ ബാക്കി ഭാഗത്ത് ഓടയുടെ പണിയുൾപ്പെടെ ബാക്കിയാണ്.
ഇന്നലെ കുറേ ഭാഗത്ത് മെറ്റലിട്ടെങ്കിലും ടാറിങ് ഭാഗികമായി ചെയ്യാനേ കഴിയൂ. വഞ്ചിയൂർ–ജനറൽ ആശുപത്രി റോഡിൽ വഞ്ചിയൂർ കോടതി മുതലുള്ള ഭാഗത്ത് ഡ്രെയ്നേജിന്റെ പണി തീർന്നിട്ടില്ല. ഇവിടെ ഓട റോഡിന്റെ മറുവശത്ത് എത്തണം. അട്ടകുളങ്ങര–കിള്ളിപ്പാലം റോഡിലെ ഓട നിർമാണം ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല. ഈ റോഡിൽ നിന്നു ചാല മാർക്കറ്റിലേക്കുള്ള പല വഴികളും ഓട നിർമാണം കാരണം തകർന്നു കിടക്കുകയാണ്. എം.ജി.രാധാകൃഷ്ണൻ റോഡ് പൂർവസ്ഥിതിയിലാക്കാനും ഏറെ സമയം വേണ്ടി വരും. മറ്റു റോഡുകളിൽ ആദ്യഘട്ട ടാറിങ് മാത്രമാണ് പൂർത്തിയായത്. ഏറെ പണി ബാക്കിയാണ്.
രണ്ടാം ഘട്ടം: വിലയിരുത്താൻ വിദഗ്ധ സംഘം വന്നു
തിരുവനന്തപുരം ∙ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ സ്മാർട് സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി വിദഗ്ധ സംഘം തലസ്ഥാനത്തെത്തി.150 കോടി ചെലവിൽ മാലിന്യ സംസ്ക്കരണ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിനായി സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് തയാറാക്കിയ രൂപരേഖ സംഘം പരിശോധിച്ചു. മണക്കാടുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി, ചാലയിലേയും ചെന്തിട്ടയിലെയും മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി, മെറ്റീരിയൽ റിസോഴ്സ് ഫെസിലിറ്റി എന്നിവ സംഘം സന്ദർശിച്ചു.നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്, ഫ്രഞ്ച് ഡവലപ്മെന്റ് ഏജൻസി പ്രതിനിധികളാണ് സംഘത്തിലുള്ളത്.