വാമനപുരം - ചിറ്റാർ റോഡ്: നടപടി ഉടനെന്ന് മന്ത്രി റിയാസ്; ഉന്നതതല യോഗം വിളിക്കും

Mail This Article
വെഞ്ഞാറമൂട്∙ വാമനപുരം - ചിറ്റാർ (കാരേറ്റ്– പാലോട്) റോഡ് വിഷയത്തിൽ ഉന്നതതല യോഗം വിളിച്ച് ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപടി മനോരമ വാർത്തയെത്തുടർന്ന്.എംസി റോഡിനെയും തിരുവനന്തപുരം-ചെങ്കോട്ട റോഡിനെയും ബന്ധിപ്പിക്കുന്ന വാമനപുരം മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡ് ആണ് വാമനപുരം-ചിറ്റാർ റോഡ് എന്ന വിസി റോഡ്. 7 വർഷം മുൻപ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയതോടെ റോഡ് നശിച്ചത് മലയാള മനോരമ വാർത്തയാക്കിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ഡി.കെ. മുരളി എംഎൽഎ നിയമസഭയിൽ റോഡിന്റെ നവീകരണം വൈകുന്നതു സംബന്ധിച്ച് സബ്മിഷൻ അവതരിപ്പിച്ചു. റോഡ് നവീകരണം പുനരാരംഭിക്കുന്നത് സംബന്ധിച്ചു പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിക്കുകയായിരുന്നു.
റോഡ് നിർമാണം ഏറ്റെടുത്ത കരാറുകാരൻ നിർമാണം പൂർത്തിയാക്കാതിരുന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്തു. തുടർന്ന് 4 തവണ പുനർലേലം ചെയ്തു. നാലാമത്തെ തവണ കരാറെടുക്കാൻ ആളെത്തിയെങ്കിലും സർക്കാർ അംഗീകരിച്ചില്ല.പിരിച്ചു വിട്ട കരാറുകാരൻ തന്നെ ബാക്കി നിർമാണ പ്രവർത്തനങ്ങൾ നടത്താം എന്ന് സർക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ടെർമിനേഷൻ പിൻവലിക്കുന്നത് സംബന്ധിച്ച് നടപടികൾ പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രിയുടെ അറിയിപ്പിൽ പറയുന്നു.
‘റീ ടെൻഡറിൽ പങ്കെടുക്കാത്തത് കരാറുകാരുടെ ഒത്തുകളി’
വിസി റോഡ് നവീകരണം റീ ടെൻഡർ നൽകിയിട്ടും കരാറുകാർ ആരും ടെൻഡർ നൽകാതിരുന്നത് ഒത്തുകളിയായിരുന്നുവെന്ന് സംശയം. പിരിച്ചുവിട്ട കരാറുകാരനെ നിർമാണം വീണ്ടും ഏൽപിക്കുന്നതിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചു. 2 വർഷം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതായിരുന്നു. റോഡിന്റെ എസ്റ്റിമേറ്റ് പ്രകാരമുള്ള വീതിയേക്കാൾ കൂടുതൽ ഭാഗം ഇടിച്ചു നിരത്തിയിരുന്നു. എന്നാൽ ജംക്‌ഷനുകൾ മതിയായ അളവിൽ വീതി കൂട്ടുന്നതിനും ചില കയ്യേറ്റങ്ങൾ നിയന്ത്രിക്കുന്നതിനും അധികൃതർ തയാറായില്ലെന്നും ആരോപണം ഉയർന്നു.