ADVERTISEMENT

വിതുര ∙ വാമനപുരം നദിയിൽ ഓരോ തവണ ജീവൻ പൊലിയുമ്പോഴും ഭാവിയിൽ അപകടങ്ങളൊഴിവാക്കാൻ പര്യാപ്തമായ നടപടികൾ കൈക്കൊള്ളുമെന്നു ബന്ധപ്പെട്ടവർ ആവർത്തിച്ചു പറയാറുണ്ട്.  ദുരന്തത്തിന്റെ ചൂടാറുമ്പോഴും വെള്ളത്തിൽ വരച്ച വര പോലെയാകും ഇതെല്ലാം.  മുങ്ങി മരണങ്ങളുടെ ഞെട്ടിപ്പിക്കുന്ന തുടർച്ചയാണ് എപ്പോഴും. ഇനിയെങ്കിലും മാറ്റമുണ്ടായില്ലെങ്കിൽ മുങ്ങി മരണങ്ങളുടെ സങ്കടത്തുടർച്ചയ്ക്ക് അറുതിയുണ്ടാകില്ല.

നാളിതുവരെ നദിയിൽ പൊലിഞ്ഞ ജീവനുകൾ ഒട്ടേറെയാണ്.  കല്ലാർ, ആനപ്പാറ, താവയ്ക്കൽ മേഖലകളിലാണു കൂടുതലെങ്കിലും നദിയിലെ മറ്റു കടവുകളിലും മരണങ്ങൾ സംഭവിക്കുന്നുണ്ട്.  ഓരോ വർഷവും പല സമയങ്ങളിലായി കുറഞ്ഞത് ആറ് പേരെങ്കിലും മരിക്കുന്നുണ്ടെന്നാണു കണക്ക്. നദിയിൽ പതിയിരുന്ന അപകടക്കയം തന്നെയാണ് കാർത്തിക്കിന്റെയും ബിനുവിന്റെയും ജീവനെടുത്തത്. താവയ്ക്കൽ കടവിൽ പാലോട് കല്ലറ സ്വദേശി മനോജ് മുങ്ങി മരിച്ചിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. നാല് ദിവസം മുൻപ് താവയ്ക്കലിലെ കയത്തിൽ അപകടത്തിൽപ്പെട്ട വർക്കല സ്വദേശിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. 

കണ്ണീരണിഞ്ഞ് സഹപാഠികൾ
വിതുര ∙ കാർത്തിക്കിന്റെ ചേതനയറ്റ ശരീരം സ്കൂളിലെത്തിച്ചപ്പോൾ കരയാത്തവരായി ആരുണ്ടായിരുന്നില്ല. വിതുര ഗവ.വിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന കാർത്തിക്കിന്റെ വേർപാടിൽ സഹപാഠികളും അധ്യാപകരും വിതുമ്പി. 

മികച്ച സ്റ്റുഡന്റ് പൊലീസ് കെഡറ്റ്
വിതുര ∙ എട്ട്, ഒൻപത് ക്ലാസുകളിൽ കുട്ടി പൊലീസ് കുപ്പായത്തിൽ സജീവമായിരുന്ന വിതുര ഗവ: വിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി എ. കാർത്തിക് ഏതൊരു സ്റ്റു‍ഡന്റ്സ് പൊലീസ് കെഡറ്റി(എസ്പിസി)നും മാതൃകയായിരുന്നുവെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾക്കായി നടത്തിയ പരീക്ഷയിൽ മികവ് കാട്ടി കാർത്തിക് കുട്ടിപ്പൊലീസ് കുപ്പായത്തിലേക്കെത്തി. മനസ്സിൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാകണമെന്ന ആഗ്രഹം കൊണ്ടു നടന്ന കാർത്തിക്കിന് കുട്ടിപ്പൊലീസ് കുപ്പായം തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം തന്നെയായിരുന്നു. 

ഒരു മുതിർന്നയാൾ ചെയ്തു തീർക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സഹ ജീവികൾക്ക് വേണ്ടി ചെയ്ത കാർത്തിക് സഹ കെഡറ്റുകൾക്കൾക്കും ജൂനിയേഴ്സും തീർത്തും അനുകരിക്കാവുന്ന സ്നേഹത്തിന്റെ പ്രതീകമാണെന്ന് സ്കൂൾ കമ്യൂണിറ്റി പൊലീസ് ഓഫിസർ കെ. അൻവർ ‘മനോരമ’യോടു പറഞ്ഞു. വിതുര ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിലെ താനടക്കമുള്ള ഉദ്യോഗസ്ഥർക്കും കാർത്തിക് പ്രിയപ്പെട്ടവനായിരുന്നുവെന്നു ഇൻസ്പെക്ടർ എസ്.ടി. ബിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com