കുറ്റിവച്ചത് സിപിഎം പ്രസിഡന്റ്, കല്ലിട്ടത് ബിജെപി നേതാവെന്ന്; മാറനല്ലൂരിൽ കല്ലിടൽ വിവാദം
Mail This Article
കാട്ടാക്കട ∙ അങ്കണവാടി മന്ദിര നിർമാണത്തിനു സിപിഎം പഞ്ചായത്ത് പ്രസിഡന്റ് കുറ്റിവച്ചു. പണികൾ തുടങ്ങിയതിനു പിന്നാലെ ബിജെപി ദേശീയ സമിതി അംഗം തറക്കല്ലിട്ടു. വാർഡ് അംഗം തന്നെ കല്ലിടൽ സമൂഹമാധ്യമത്തിൽ കുറിച്ചതോടെ കല്ലിടൽ വിവാദമാക്കി കോൺഗ്രസ്. വിഷയം ചർച്ച ചെയ്യാൻ വിളിച്ച പഞ്ചായത്ത് കമ്മിറ്റിയിൽ സിപിഎം–ബിജെപി കൂട്ടുകെട്ട് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. മാറനല്ലൂർ പഞ്ചായത്തിലാണ് അങ്കണവാടി മന്ദിര തറക്കല്ലിടൽ വിവാദം. വണ്ടന്നൂർ വാർഡിലെ 67–ാം നമ്പർ അങ്കണവാടിക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മന്ദിരം നിർമിക്കുന്നു. 14ന് പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ കുറ്റിവച്ചു, പണികൾ തുടങ്ങി.
കോൺഗ്രസ് അംഗമായ സ്ഥിരം സമിതി അധ്യക്ഷൻ ആന്റോ വർഗീസ് അധ്യക്ഷനായി. ബിജെപി പ്രതിനിധിയായ വാർഡ് അംഗം ലിജീഷിന്റെയും ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ ആയിരുന്നു കുറ്റിവയ്പ്. പണികൾ നടക്കുന്നതിനിടെ ബിജെപി ദേശീയ സമിതി അംഗവും കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും ആയിരുന്ന പി.കെ.കൃഷ്ണദാസ് 17ന് സ്ഥലത്തെത്തി കല്ലിട്ടു. ചിത്രം വാർഡ് അംഗം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. പണികൾ തുടങ്ങിയ ശേഷം വീണ്ടുമൊരു കല്ലിടൽ.!
വാർഡ് അംഗം ലിജീഷ് ബിജെപി പ്രതിനിധിയാണ്. അംഗത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് പണികൾ നടക്കുന്ന സ്ഥലത്തെത്തിയ കൃഷ്ണദാസ് കല്ലിട്ടത്. ‘സമയം നോക്കി കുറ്റിവച്ച് മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചേട്ടനും,കേന്ദ്ര നിർവാഹക സമിതി അംഗമായ പി.കെ.കൃഷ്ണദാസ് ചേട്ടൻ കല്ലിട്ട് ഉദ്ഘാടനം ചെയ്തു. മംഗള കർമത്തിൽ പങ്കാളികളായ ബിജെപി നേതാക്കൾക്കും നാട്ടുകാർക്കും വാർഡ് മെമ്പറായ എന്റെ ഹൃദയം നിറഞ്ഞ നന്ദി’എന്ന് കുറിപ്പിട്ടു. സിപിഎം–ബിജെപി അവിശുദ്ധ കൂട്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. പഞ്ചായത്ത് കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തെ തുടർന്ന് ഇന്നലെ കമ്മിറ്റി ചേർന്നു.
ബിജെപി അംഗങ്ങൾ പോലും കല്ലിടൽ നടപടിയെ തുണയ്ക്കാതെ മൗനം പാലിച്ചപ്പോൾ, വാർഡ് അംഗം അബദ്ധം പറ്റിയെന്ന് ഏറ്റു പറഞ്ഞു. സർക്കാർ ഭൂമിയിൽ അതിക്രമിച്ച് കടന്ന് കല്ലിടൽ നടത്തിയ കൃഷ്ണദാസിനെതിരെ കേസ് നൽകണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. വീണ്ടും കല്ലിടാമെന്ന പരിഹാസ്യമായ മറുപടിയാണ് പ്രസിഡന്റ് നൽകിയതെന്ന് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. നിയമവിരുദ്ധ പ്രവൃത്തി നടത്തിയ പി.കെ.കൃഷ്ണദാസിനെതിരെ കേസ് നൽകണമെന്ന ആവശ്യം നിരാകരിച്ചത് സിപിഎം–ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവായി ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി.