കേരളത്തിൽ കുടുംബവുമായി ആസ്വദിച്ച് പോകാവുന്ന ചില മഴയാത്രകളെക്കുറിച്ച്..

Mail This Article
തിരുവനന്തപുരം ∙ നാടെങ്ങും മഴ പെയ്യുകയാണ് ഇടുക്കിയുടെയും പാലക്കാടൻ കാടുകളുടെയും വയനാടൻ മലനിരകളുടെയും കാഴ്ച കാണാൻ ഒരു യാത്ര പോകാൻ പറ്റിയ സമയം. കേരളത്തിനകത്തു മാത്രമല്ല, പുറത്തും മഴയിടങ്ങൾ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ സീസൺ ആണിത്. കേരളത്തിൽ മഴയത്ത് കാണാൻ ഏറെ ഇടങ്ങളുണ്ട്. മഴ നനഞ്ഞ് കയറുന്ന ട്രെക്കിങും ഓഫ് റോഡ് യാത്രകളും കുത്തിയൊലിടച്ച് പതിക്കുന്ന വെള്ളച്ചാട്ടങ്ങളും കണ്ടില്ലെങ്കിൽ മഴക്കാല യാത്രകൾ പൂർണമാവില്ല. കുടുംബവുമായി ആസ്വദിക്കാൻ പോകാവുന്ന ചില മഴയാത്രകൾ.
പൊന്മുടിയിലെ മഞ്ഞുമഴ
തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റർ അകലെയാണ് മഞ്ഞിന്റെ തലപ്പാവണിഞ്ഞ പൊന്മുടി. നഗരത്തിന്റെ തിരക്കിൽ നിന്നു കുറച്ചു ദൂരം പിന്നിടുമ്പോൾ വിതുര ടൗൺ. ഇവിടെ നിന്നു വലത്തോട്ടു പോയാൽ പേപ്പാറ ഡാം. 53 കിലോമീറ്റർ ചുറ്റളവിൽ പച്ചപ്പിന്റെ കാഴ്ചകളൊരുക്കുന്ന വന്യജീവി സങ്കേതം. വാഴ്‌വന്തോൾ വെള്ളച്ചാട്ടവും അറുമുഖം കുന്നുമെല്ലാം കാഴ്ചയാകുന്ന പേപ്പാറ ഫൊട്ടോഗ്രാഫർമാരുടെ പ്രിയ ലൊക്കേഷനാണ്. പൊന്മുടിയിൽ എത്തുമ്പോൾ പതിവു കാഴ്ചകൾക്കും ഭംഗിയേറിയതായി തോന്നും. മഴയും മഞ്ഞും മത്സരിച്ച് യാത്രക്കാരന് സ്വാഗതം പറയും.
വാഗമണ്ണിലെ നൂൽ മഴ
വാഗമൺ മൺസൂൺ യാത്രകൾക്ക് ഏറ്റവും യോജിച്ച സ്ഥലമാണ്. പൈൻ മരങ്ങളും കോടമഞ്ഞും പാറക്കെട്ടുകളും ഒക്കെയുള്ള വാഗമൺ സാഹസിക സഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ്. വൈകുന്നേരങ്ങളിലെ നൂലുപോലെ പെയ്യുന്ന ചാറ്റൽ മഴയും പകൽ ആഞ്ഞുകുത്തി പെയ്യുന്ന വലിയ മഴയും അതിന് ശേഷം എത്തുന്ന കോടമഞ്ഞും ഇവിടെ ആസ്വദിക്കാം. അഡ്വഞ്ചർ പാർക്കും ചില്ലുപാലവും വന്നതോടെ ദൂരെസ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികൾ ഇവിടേക്ക് എത്തുന്നു.
സൈലന്റ് വാലിയിലെ മഴശബ്ദം
നിറഞ്ഞു നിൽക്കുന്ന കാടിനു നടുവിൽ മറ്റൊന്നു മറിയാതെ മഴയുടെ സ്വരം ആസ്വദിച്ച് ഒരു യാത്ര പോയാലോ. സൈലൻറ് വാലി ദേശീയോദ്യാനത്തിനുള്ളിലൂടെ, വനം വകുപ്പിൻറെ വാഹനത്തിൽ കാടിനുള്ളിലൂടെയുള്ള സഫാരി, കാഞ്ഞിരപ്പുഴ ഡാം സന്ദർശനം എന്നിവയാണ് പ്രധാനം. ദേശീയോദ്യാനത്തിൻറെയും സമീപ പ്രദേശങ്ങളുടെയും അതിമനോഹരമായ കാഴ്ചകളാണ് ആകർഷണം. ഒരാൾക്ക് 2500 രൂപ മുടക്കിയാൽ രണ്ട് ദിവസം ദേശീയോദ്യാനം കാണാനുള്ള സൗകര്യമുണ്ട്. രണ്ട് പേർക്ക് റിവർ ഹട്ടിൽ താമസിക്കുകയും ചെയ്യാം. കൂടാതെ സൈലന്റ് വാലി ഡിവിഷണൽ ഓഫീസിനടുത്തായി 16 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി സേവനവും ലഭ്യമാണ്.
അതിരപ്പള്ളിയുടെ ഡബിൾ മഴ
കേരളത്തിൽ മഴയാത്രയ്ക്ക് പറ്റിയ ഏറ്റവും പറ്റിയ സ്ഥലം അതിരപ്പിള്ളി വെള്ളച്ചാട്ടം ആണ്. പാറപ്പരപ്പിൽ നിന്നും പാൽപ്പത പോലെ പതഞ്ഞുപതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഗംഭീര യാത്രാനുഭവമാണ്. കാട്ടിലെയും പുഴയിലെയും മഴ ഒറ്റയാത്രയിൽ കാണാനാണ് അതിരപ്പിള്ളി സഹായിക്കുന്നത്. അതിരപ്പിള്ളി മാത്രമായി യാത്രയൊതുക്കരുത്. വാഴച്ചാൽ, ആനക്കയം, ചാർപ്പ വെള്ളച്ചാട്ടങ്ങളും ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളും കണ്ടുവരാൻ പാകത്തിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽനിന്നും കഷ്ടിച്ച് 5 കിലോമീറ്റർ അകലെയാണ് വിഖ്യാതമായ വാഴച്ചാൽ വെള്ളച്ചാട്ടം.
മൂന്നാറിലെ മഴ ആവരണം
മഴക്കാലത്ത് മൂന്നാറിന്റെ കാഴ്ചകൾ മൊത്തത്തിൽ മാറും. പിന്നെ ഇവിടെയെല്ലാം മഴയുടെയും കാറ്റിന്റെയും ഒരാവരണത്തോടെ മാത്രമേ കണ്ടുതീർക്കാൻ സാധിക്കൂ. സാധാരണ സീസണിലേതുപോലെ ഓപ്പൺ ആക്ടിവിറ്റികൾ മഴക്കാലത്ത് നടക്കില്ല. എന്നാൽ വെള്ളച്ചാട്ടങ്ങൾ, ട്രെക്കിങ്, ക്യാംപിങ് എന്നിവയ്ക്കൊക്കെ പറ്റിയ സമയമാണിത്. തേയിലത്തോട്ടങ്ങളിലൂടെ നടക്കുവാനും ഗ്യാപ് റോഡിന്റെ ഭംഗി ഒരു ചെറിയ മഴയുടെ അകമ്പടിയിൽ കാണാനും മഴക്കാലം സഹായിക്കും. വെള്ളച്ചാട്ടങ്ങളാണ് ഈ സമയത്ത് മൂന്നാറിന്റെ ആകർഷണം. മഴ പെയ്തു തുടങ്ങുമ്പോൾ തന്നെ ഇവ സജീവമാകും.