കമ്പിവേലിയിൽ നിന്ന് വൈദ്യുതാഘാതം: നടപടിയെടുക്കാതെ പൊലീസ്, പ്രതിഷേധം
![arun അരുൺ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2024/7/6/arun.jpg?w=1120&h=583)
Mail This Article
വെഞ്ഞാറമൂട് ∙ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച കമ്പി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച് 104 ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം. മാർച്ച് 24ന് പുലർച്ചെയാണ് സംഭവം. വെള്ളുമണ്ണടി ചക്കക്കാട് കുന്നും പുറത്ത് വീട്ടിൽ മോഹനൻ-ശോഭന ദമ്പതികളുടെ മകൻ അരുൺ (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. റോഡ് വക്കിൽ അനധികൃതമായി കമ്പി വേലി സ്ഥാപിച്ച് വൈദ്യുതി കടത്തിവിട്ടതിനെത്തുടർന്നാണ് അരുൺ മരിക്കാനിടയായതെന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.
മരണത്തെ തുടർന്ന് നഷ്ടപരിഹാരവും നൽകിയിട്ടില്ല.വൈദ്യുതാഘാതമേറ്റാണ് മരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് റിപ്പോർട്ട് ഏപ്രിൽ 20ന് ലഭിച്ചു.ഓലിക്കര–കുന്നിൽ റോഡിലെ പുരയിടത്തിനു സമീപം ബൈക്ക് വയ്ക്കുന്നതിനിടയിലാണ് അരുണിന് അപകടം സംഭവിച്ചത് സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. സുരക്ഷ ഇല്ലാതെയാണ് തടിയിലുള്ള കുറ്റി നിർത്തി അതിൽ കമ്പി വലിച്ചിരിക്കുന്നത് എന്ന് അധികൃതരുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു. ബൈക്ക് നിർത്താൻ ശ്രമിക്കുമ്പോൾ അരുൺ കമ്പിയിൽ സ്പർശിക്കാൻ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. കഴുത്തിനു മുകളിൽ താടിയെല്ലിനു താഴെയും കയ്യിൽ ഒരു വശത്തും കമ്പി വേലി തട്ടിയ പാടുകളുണ്ടെന്നു കണ്ടെത്തിയിരുന്നു.
ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്, ഫൊറൻസിക് വിഭാഗം എന്നിവരെത്തി വിശദമായ തെളിവെടുപ്പും സ്ഥല പരിശോധനയും നടത്തിയിരുന്നു. സംഭവം നടന്ന് 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് അരുണിന്റെ ഭാര്യ ഷൈനാദാസ് മുഖ്യമന്ത്രിക്കു പരാതി നൽകുകയായിരുന്നു. അന്വേഷണ പുരോഗതി അറിയിക്കാൻ ആഭ്യന്തര വകുപ്പ് വെഞ്ഞാറമൂട് പൊലീസിനു നിർദേശം നൽകി. ബുധനാഴ്ച പരാതിക്കാരിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി.