വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവം: കെഎസ്ഇബി അന്വേഷണം തുടങ്ങി

Mail This Article
നെയ്യാറ്റിൻകര ∙ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ കെഎസ്ഇബി വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. കൊല്ലയിൽ ഓണംകോട് നടൂർക്കൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു(68) ആണ് മരിച്ചത്. വീടിനു സമീപത്തെ പുരയിടത്തിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് ബാബുവിന്റെ മരണം. ഈ കമ്പി പൊട്ടി വീണിട്ട് ഒരാഴ്ചയിലേറെയായെന്നും പലതവണ അറിയിച്ചിട്ടും വൈദ്യുതി ബോർഡ് ജീവനക്കാർ നടപടി സ്വീകരിച്ചില്ലെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയറും സേഫ്റ്റി ഓഫിസറുമായ എസ്.വി.സുരേഷ് കുമാർ അപകടം ഉണ്ടായ ദിവസം തന്നെ കെഎസ്ഇബി ചെയർമാന് പ്രാഥമിക റിപ്പോർട്ട് കൈമാറിയിരുന്നു.
ഇതിനു ശേഷം ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിൽ നിന്നും ഒരു സംഘം എത്തി പരിശോധന നടത്തി. പിന്നാലെയാണ് കെഎസ്ഇബിയുടെ വിജിലൻസ് വിഭാഗം എത്തിയത്.സംഭവത്തിൽ കെഎസ്ഇബിക്ക് ലഭിച്ച മൊഴികൾ സംബന്ധിച്ചു വൈരുധ്യമുണ്ടെന്നാണ് വിവരം. അപകടത്തിൽ മരിച്ച ബാബു, അമ്മ കമല(87)ത്തിനൊപ്പമാണ് താമസിച്ചിരുന്നത്. ബാബുവിന്റെ വിയോഗത്തോടെ തനിച്ചായ കമലത്തെ, മകൾ ബേബി സരോജം മാരായമുട്ടം അക്വാഡെക്റ്റിനു സമീപത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. അപകടം സംഭവിച്ച സ്ഥലത്ത് നിന്ന് ഏതാണ് 5 കിലോമീറ്ററോളം അകലെയാണിത്. ബാബുവും കമലവും താമസിച്ചിരുന്ന വീട് ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്.