ADVERTISEMENT

നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തുന്നത് ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ രോഗികൾ. പല തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. അധിക ജോലി ചെയ്തിട്ടും എന്നും പരാതികൾ മാത്രം ബാക്കിയെന്ന് ജീവനക്കാർ. ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ജനം.ഒരു ദിവസം രണ്ടായിരത്തിലധികം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. 320 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഇവിടെ കുറഞ്ഞത് 30 രോഗികളെങ്കിലും കിടക്ക ലഭിക്കാതെ തറയിൽ കിടക്കുന്നുണ്ടാവും. ഈ പറഞ്ഞത് ശരാശരി കണക്കുകളാണ്. പനിക്കാലമെങ്കിൽ എണ്ണം ഇനിയും വർധിക്കും.പീഡിയാട്രിക്, ഓർത്തോ, ഒഫ്താൽമോളജി, സർജറി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

സീനിയർ നഴ്സിങ് ഓഫിസർ, സ്റ്റാഫ് നഴ്സ് (2 ഒഴിവുകൾ), ഫാർമസിസ്റ്റ്, ടൈപ്പിസ്റ്റ്, ഓഫിസ് അസിസ്റ്റൻറ്, ഡയാലിസിസ് ടെക്നിഷ്യൻ (2 ഒഴിവുകൾ) എന്നീ തസ്തികകളിലും ആളെ നിയമിച്ചിട്ടില്ല. ഡോക്ടർമാർ ഉൾപ്പെടെ ഏതാണ്ട് നാന്നൂറോളം വരുന്ന ജീവനക്കാരുടെ ഔദ്യോഗിക കാര്യങ്ങൾ നോക്കാൻ ആകെയുള്ളത് 4 ക്ലർക്കുമാർ. ലേ സെക്രട്ടറിയും ഹെഡ് ക്ലാർക്കും ഇല്ല. ജൂനിയർ സൂപ്രണ്ട് ദീർഘകാല അവധിയിലാണ്.പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യമുള്ള ഇവിടെ ഫൊറൻസിക് സർജൻ ഇല്ലെന്നതാണ് മറ്റൊരു കൗതുകം. ദിവസം അൻപതോളം പേർ ഡയാലിസിസ് ചെയ്യുന്നുണ്ടെങ്കിലും നെഫ്രോളജിസ്റ്റ് ഇല്ല. ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പരിശോധിക്കുന്നത് ജൂനിയർ ഡോക്ടർമാർ.

ഇതു രോഗിയുടെ ജീവൻ വച്ചു പന്താടുന്നതിനു തുല്യമെന്ന് ജനം പറയുന്നു.പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും വൈകിട്ട് 4 മണിയോടെ അവർ സേവനം അവസാനിപ്പിച്ചു മടങ്ങും. യഥാർഥത്തിൽ ഇതിനു ശേഷമാണ് പൊലീസിന്റെ സേവനം കൂടുതൽ ആവശ്യമുള്ളത്.ഇതൊക്കെയാണെങ്കിലും ജനറൽ ആശുപത്രി സാധാരണക്കാരുടെ ആശാ കേന്ദ്രം തന്നെയാണ്. തെക്ക് കളിയിക്കാവിള മുതലുള്ളവർ ഇവിടെ ചികിത്സ തേടിയെത്തുന്നു. സമീപത്തെ പാറശാല, വെൺപകൽ, പൂവാർ, വിഴിഞ്ഞം, പുല്ലുവിള തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുണ്ടെങ്കിലും ജനം ഓടിയെത്തുന്നത് ഇവിടേക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com