മരത്തിൽ കയറി ചക്ക പറിക്കും, ആക്രമണം ആദ്യം; ലാലയുടെ നില മെച്ചപ്പെട്ടു

Mail This Article
വിതുര∙ കരടികളുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി പി. ലാല(55)യെ വിതുര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനിടെ ലാലയുടെ വലതു കൈത്തണ്ടയിലും ഇടത് തുടയിലും കരടി കടിച്ചിരുന്നു. ആക്രമണത്തിന്റെ ആഘാതത്തിൽ തറയിലേക്കു തെറിച്ചു വീണ ലാലയുടെ ശരീരമാസകലവും പരുക്കുകളുണ്ട്. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും കുറച്ച് ദിവസത്തെ ചികിത്സയ്ക്കു ശേഷം ലാലായെ വീട്ടിലേക്കു മടക്കി അയയ്ക്കാനാകുമെന്നും താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ പറഞ്ഞു.
കരടി ആക്രമണം നടന്ന സ്ഥലത്ത് പരുത്തിപ്പള്ളി വനം റേഞ്ച് ഓഫിസർ എസ്. ശ്രീജു, വിതുര സെക്ഷൻ വനം ഓഫിസർ പി. മധു, ആർആർടി സെക്ഷൻ വനം ഓഫിസർ പ്രദീപ് എന്നിവരുടെ സംഘം പരിശോധന നടത്തി. പൊതുജനം ജാഗ്രത പുലർത്തണമെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ എമർജൻസി ഓപ്പറേഷൻ സെന്ററിൽ വിവരം അറിയിക്കണമെന്നും റേഞ്ച് ഓഫിസർ നിർദേശം നൽകി.ഫോൺ: 9188407517, 9188407510, 9188407511.
വീട്ടിൽ തനിച്ചായി ‘സുന്ദരി’
വിതുര∙ ബോണക്കാട് കാറ്റാടിമുക്കിലെ പി. ലാല കരടികളുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ ഭാര്യ ശ്യാമള കൂടി കൂട്ടിരിപ്പിനായി പോയതോടെ ഇവരുടെ വളർത്തു നായ സുന്ദരി വീട്ടിൽ തനിച്ചായി. ആക്രമണം നടക്കുമ്പോൾ ഓടി വന്ന് കുരച്ച് ലാലയ്ക്ക് സുരക്ഷയൊരുക്കാൻ ശ്രമം നടത്തിയിരുന്നു. പരുക്കേറ്റ് ലാലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് മുതൽ ലയത്തിനു മുന്നിലും ആക്രമണം നടന്ന വഴിയിലുമായി സുന്ദരി വിഷമത്തോടെ കറങ്ങി നടക്കുകയായിരുന്നുവെന്നും ഭക്ഷണം കൊടുത്തിട്ട് കഴിച്ചില്ലെന്നും സമീപവാസിയും പൊതു പ്രവർത്തകനുമായ രാജേഷ് ബോണക്കാട് പറഞ്ഞു.
മരത്തിൽ കയറി ചക്ക പറിക്കും; ആക്രമണം ആദ്യം
വിതുര∙ ബോണക്കാട്ട് കരടികൾ വരുന്നത് പതിവാണെന്നും എന്നാൽ ആക്രമണം നടത്തുന്നത് ആദ്യമായിട്ടാണെന്നും പ്രദേശവാസിയും ബിജെപി നേതാവുമായ ബോണക്കാട് രാജേന്ദ്രൻ പറഞ്ഞു. ലയങ്ങളുടെ ചുറ്റും കാട് വെട്ടിത്തെളിക്കാത്തതിനാൽ ഏതു ഭാഗത്ത് നിന്നും വന്യ മൃഗങ്ങൾ എത്തുമെന്ന് പറയാൻ സാധിക്കാത്ത സാഹചര്യമാണ്. ബോണക്കാട് കാറ്റാടിമുക്കിനു സമീപം കാറ്റാടിക്കാട് കരടികളുടെ സ്വൈര വിഹാര കേന്ദ്രമാണ്. ലാലയുടെ ലയത്തിനു സമീപത്ത് നിൽക്കുന്ന പ്ലാവുകൾ ലക്ഷ്യമാക്കി ഇവ വന്നതാകാമെന്നാണ് നിഗമനം. ലാലയുടെ ലയത്തിനു മുന്നിലും പിന്നിലുമായി രണ്ട് പ്ലാവുകളുണ്ട്. ഇത് നല്ല രീതിയിൽ കായ്ച്ചിട്ടുണ്ട്.
ഇത് കഴിക്കാൻ വരുന്ന കരടികൾ മറ്റാരെയും ശല്യം ചെയ്യാതെ മടങ്ങുകയാണ് പതിവ്. പലപ്പോഴും മരം കയറി ചക്ക പറിക്കുന്നത് പ്രദേശവാസികൾ കണ്ടിട്ടുണ്ട്. അതേ സമയം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലയങ്ങൾക്കു സമീപത്തെ കാട് വെട്ടിത്തെളിച്ചാൽ വന്യ മൃഗ ആക്രമണത്തിന്റെ തോത് കുറയ്ക്കാൻ കഴിഞ്ഞേക്കും. കരടിയെ കൂടാതെ കാട്ടാന, പോത്ത്, കുരങ്ങ്, നായ്പ്പുലി, കാട്ടുപന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്. കാട്ടുപോത്തും കാട്ടുപന്നിയും പ്രധാനമായും കൃഷിയാണ് നശിപ്പിക്കുന്നത്. ബി.എ. ഡിവിഷൻ സ്വദേശിയും കർഷകനുമായ മുത്തുപാണ്ടിയുടെ പുരയിടത്തിലെ വാഴകൾ അടക്കം കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരുന്നു.