ADVERTISEMENT

വിതുര∙ വിതുരയിൽ നിന്നു ബോണക്കാട്ടേക്കു പോയ ബോണക്കാട് സ്വദേശികളായ ദമ്പതികളുടെ ബൈക്ക് കാട്ടാന തകർത്തു. തൊട്ടരികിൽ നിന്നും കാട്ടാന ബൈക്കിനു നേരെ പാഞ്ഞടുക്കുന്നത് കണ്ട് ഇറങ്ങിയോടിയ ബോണക്കാട് സ്വദേശി മനോജ്, ഭാര്യ സുജിത എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചു പോകാൻ പറ്റാതെ വന്നതോടെ കെഎസ്ആർടിസി ബസിൽ ഇരുവരെയും വനം വകുപ്പ് അധികൃതർ കയറ്റി വിട്ടു. ബൈക്ക് ആക്രമിച്ച ശേഷം ദമ്പതികൾക്കു നേരെ പാഞ്ഞടുക്കാനുള്ള ശ്രമം കാട്ടാന നടത്തിയെങ്കിലും വന്ന വഴിയേ ഇരുവരും ഓടിയത് തുണയായി. ഓടുന്നതിനിടെ തെന്നിവീണ് സുജിതയ്ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. 

ഇന്നലെ വൈകിട്ടോടെ ബോണക്കാട് കാണിത്തടം വനം വകുപ്പ് ചെക്പോസ്റ്റിനു സമീപത്തെ വളവിലായിരുന്നു സംഭവം. ആക്രമിച്ചത് ഒറ്റക്കൊമ്പനാണെന്ന് ദമ്പതികൾ ‘മനോരമ’യോടു പറഞ്ഞു. ബൈക്കിന്റെ ചക്രം കാട്ടാന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. ബൈക്കിന്റെ ഹൈഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ ഉൾപ്പെടെ തകർന്നു. എൻജിനും തകരാർ പറ്റി. സംഭവം നടക്കുന്നതിനു മിനിറ്റുകൾക്ക് മുൻപ് ബോണക്കാട്ട് നിന്നും വിതുരയിലേക്കു വരികയായിരുന്ന ബോണക്കാട് സ്വദേശി തങ്കരാജ് റോഡരികിൽ കാട്ടാന ഇറങ്ങി നിൽക്കുന്ന വിവരം അറിയിച്ചിരുന്നു.

അവിടേയ്ക്ക് വനം വകുപ്പ് അധികൃതർ പോകാൻ തുടങ്ങവേ ആയിരുന്നു ആക്രമണം. ബോണക്കാട് മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം പതിവാണ്. കഴിഞ്ഞ ദിവസം ബോണക്കാട് സ്വദേശിയെ കരടി ആക്രമിച്ച സംഭവവും ഉണ്ടായി. ഏതാനും മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തു വച്ച് ബോണക്കാട് സ്വദേശികളായ പ്രിൻസ്, മഹേഷ് എന്നിവരെ കാട്ടാന ആക്രമിച്ചു ബൈക്ക് തകർത്തിരുന്നു. സംഭവത്തിൽ മഹേഷ് വാരിയെല്ലിനു പരുക്കേറ്റ് വിദഗ്ധ ചികിത്സ തേടിയിരുന്നു. 

ഒറ്റക്കൊമ്പൻ വൻ അപകടകാരി...
ബോണക്കാട് റൂട്ടിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആക്രമിച്ച കാട്ടാന ഒറ്റക്കൊമ്പനാണെന്ന് ദമ്പതികൾ പറ‍ഞ്ഞതു ഭീതി പരത്തുന്നു. ഉൾ വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന ഒറ്റക്കൊമ്പൻ അപകടകാരിയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.മറ്റ് കൊമ്പന്മാരുമായി മല്ലിടുന്നത് കൊണ്ടോ പ്രായാധിക്യം കൊണ്ടോ ഒരു കൊമ്പില്ലാത്ത സാഹചര്യമുണ്ടാകാം.ബോണക്കാട്ട് കണ്ട ആനയ്ക്ക് ഒറ്റക്കൊമ്പ് മാത്രമായത് എങ്ങനെയാണെന്ന് വ്യക്തമല്ല. ആനകൾക്കിടയിൽ ഒരു കൊമ്പ് മാത്രമുള്ളവയ്ക്ക് മാനസിക പിരിമുറുക്കം കൂടുതലാകാൻ സാധ്യതയുണ്ടെന്നും അതിനാൽ മറ്റ് കാട്ടാനകളേക്കാൾ ആക്രമണ സ്വഭാവം കൂടുതലായി കാണിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധരുടെ പക്ഷം.

വിതുര ബോണക്കാട് കാണിത്തടം വനം വകുപ്പ് ചെക്പോസ്റ്റിന് സമീപം കാട്ടാന ആക്രമിച്ച ബൈക്ക്
വിതുര ബോണക്കാട് കാണിത്തടം വനം വകുപ്പ് ചെക്പോസ്റ്റിന് സമീപം കാട്ടാന ആക്രമിച്ച ബൈക്ക്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com