അയ്യങ്കാളി ഹാൾ തകർച്ചയിൽ: മേൽക്കൂര പൊളിഞ്ഞു, ഗോപുരങ്ങളിലെ കണ്ണാടി പൊട്ടി, ഗോവണിയുടെ പലകകൾ ഇളകി

Mail This Article
തിരുവനന്തപുരം ∙ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പാളയത്തെ അയ്യങ്കാളി ഹാൾ സംരക്ഷണമില്ലാതെ ചരിത്രത്തിലേക്ക്. മേൽക്കൂര പൊളിഞ്ഞും ഗോപുരങ്ങളിലെ കണ്ണാടി പൊട്ടിയും ഗോവണി തകർന്നും നാമാവശേഷമായിരിക്കുകയാണ് അയ്യങ്കാളി ഹാൾ. പേരിനെങ്കിലും അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. പൊതുമരാമത്ത് ബിൽഡിങ് വിഭാഗത്തിന്റെ ഉടമസ്ഥതയിലാണ് ഹാൾ. ഭരണ ചുമതല പൊതു ഭരണ വകുപ്പിനും. മേൽക്കൂരയിൽ പാകിയിട്ടുള്ള ഓടുകൾ പൊട്ടിയതു കാരണം ഉണ്ടാകുന്ന ചോർച്ചയാണ് ഹാളിനെ നാശത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം.
ഗോപുരങ്ങളിലെ കണ്ണാടി ചില്ലുകൾ മിക്കതും പൊട്ടിയ നിലയിലാണ്. പുറകു ഭാഗത്ത് ഹാളിന് രണ്ടു നിലകൾ ഉണ്ട്. ആദ്യ നിലയിലേക്ക് കയറാനുള്ള തടി ഗോവണിയുടെ പലകകൾ മിക്കതും ഇളകി മാറിയ നിലയിലാണ്. മുകളിലേക്ക് ഇപ്പോൾ പ്രവേശനം ഇല്ല. ഫാനുകളിൽ ചിലത് പ്രവർത്തന രഹിതമായിട്ടു മാസങ്ങളായി. ബാനറുകളും മറ്റും കെട്ടാനായി പരിപാടി നടത്തുന്നവർ ചുവരുകളിൽ തോന്നും പോലെ ആണി അടിക്കുന്നതു കാരണം ചുവരുകൾക്കും കാര്യമായ ബലക്ഷയമുണ്ട്. ഏതു നിമിഷവും തകരാമെന്ന അവസ്ഥയിലായിട്ടും പൗരാണിക പ്രാധാന്യമുള്ള ഹാൾ നവീകരിക്കാൻ നടപടിയില്ല.
മുൻപ് പരിപാടികളുടെ ബുക്കിങ്ങിനായി ഏറെ തിരക്കായിരുന്നു. ഇപ്പോൾ സർക്കാർ പരിപാടികൾക്കു മാത്രമാണ് ഇപ്പോൾ ഹാൾ ഉപയോഗിക്കുന്നത്. അതും മറ്റു ഹാളുകൾ ഒഴിവില്ലാത്തപ്പോൾ. 1896 ലെ വിക്ടോറിയ രാജ്ഞിയുടെ കിരീട ധാരണത്തിന്റെ സുവർണ ജൂബിലിയുടെ സ്മരണക്കായാണ് വിജെടി ഹാൾ നിർമിച്ചത്. 1896 ജനുവരി 25 ന് ശ്രീമൂലം തിരുനാൾ രാമ വർമ ഉദ്ഘാടനം ചെയ്തു. വലിയ ഉച്ചത്തിൽ മൈക്കുകൾ പ്രവർത്തിച്ചാലും പ്രതിധ്വനി ഉണ്ടാകില്ലെന്നതാണ് ഹാളിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊളോണിയൽ കാലഘട്ടത്തിന്റെ അഭിമാനകരമായ സ്മാരകമായ ഹാളിന്റെ പേര് കഴിഞ്ഞ മന്ത്രി സഭയുടെ കാലത്താണ് അയ്യങ്കാളി ഹാൾ എന്ന് മാറ്റിയത്.
പുനർ നിർമാണത്തിന് 4 കോടിയുടെ പദ്ധതി
അയ്യങ്കാളി ഹാളിന്റെ പുനർ നിർമാണത്തിന് 4 കോടിയുടെ പദ്ധതി പൊതുമരാമത്ത് ബിൽഡിങ്സ് വിഭാഗം തയാറാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആദ്യം 9 കോടിയുടെ എസ്റ്റിമേറ്റ് ആണ് കണക്കാക്കിയത്. എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പ്രവൃത്തികളുടെ മുൻഗണനാ ക്രമം നിശ്ചയിച്ച് എസ്റ്റിമേറ്റ് വെട്ടിച്ചുരുക്കി. സെൻട്രലൈസ്ഡ് എസി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.കോവിഡ് ലോക്ഡൗൺ ആരംഭിക്കുന്നതിനു മുൻപ് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഇതുവരെ സാങ്കേതിക, ഭരണ അനുമതികൾ ലഭിച്ചിട്ടില്ല.