ADVERTISEMENT

തിരുവനന്തപുരം ∙ തുടർച്ചയായി പെയ്ത മഴ ശമിച്ചതോടെ സംസ്ഥാനം വീണ്ടും പകർച്ചവ്യാധികളുടെ പിടിയിൽ. 5 ദിവസത്തിനിടെ 66,880 പേരാണു പനി ബാധിച്ച് മാത്രം ചികിത്സ തേടിയത്. ഇന്നലെ മാത്രം പനി ബാധിച്ചു 11,050 പേർ ചികിത്സ തേടി. ചികിത്സയിലായിരുന്ന 3 പേർ മരിച്ചു. ഇന്നലെ മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ: 1749. 6 ദിവസത്തിനിടെ ഡെങ്കിപ്പനി സംശയിച്ചു ചികിത്സ തേടിയ 2113 പേരിൽ 652 പേർക്കു രോഗം സ്ഥിരീകരിച്ചു. ഈ കാലയളവിൽ എലിപ്പനി ബാധിച്ചു 4 പേരാണു മരിച്ചത്. 

വയറിളക്ക രോഗങ്ങൾ ബാധിച്ച് 20016 പേർ ചികിത്സ തേടുകയും ഒരാൾ മരിക്കുകയും ചെയ്തു. എച്ച്1എൻ1 ബാധിച്ചു മരിച്ചതു 4 പേർക്ക്. സർക്കാർ ആശുപത്രികളിലെ കണക്കാണിത്.നാഷനൽ ഹെൽത്ത് മിഷനിലെ (എൻഎച്ച്എം) ജീവനക്കാർ സമരത്തിലായിരുന്നതിനാൽ ഈ മാസം ഒന്നു മുതലുള്ള പകർച്ചവ്യാധിയുടെ കണക്കു പുറത്തുവിട്ടിരുന്നില്ല. ഇന്നലെയാണ് 6 ദിവസത്തെ കണക്കു പ്രസിദ്ധീകരിച്ചത്. 

ഡെങ്കിപ്പനി: മുന്നറിയിപ്പുമായി  ആരോഗ്യവകുപ്പ് 
ഡെങ്കിപ്പനി വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്കു രോഗം തീവ്രമായേക്കും. അതിനാൽ പലർക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണു രാജ്യാന്തര തലത്തിൽ കണക്കാക്കപ്പെടുന്നത്. ഇവർക്കു വീണ്ടും ഡെങ്കിപ്പനി ബാധിച്ചാൽ ഗുരുതരമാകാം. ഡെങ്കി വൈറസിന് 4 വകഭേദങ്ങളാണുള്ളത്. ഇതിൽ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവൻ പ്രതിരോധശേഷി ഉണ്ടായിരിക്കും. എന്നാൽ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനി ബാധിച്ചാൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com