ADVERTISEMENT

തിരുവനന്തപുരം ∙ നഗരസഭകൾക്കും കോർപറേഷനുകൾക്കുമായി തയാറാക്കിയ കെ സ്മാർട്ട് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്താത്ത കെട്ടിട വിവരങ്ങൾ കൂടി ചേർത്ത് സെപ്റ്റംബർ 30നകം ഡേറ്റ ശുദ്ധീകരിക്കാൻ തദ്ദേശ വകുപ്പിന്റെ അന്ത്യശാസനം. ആവശ്യമെങ്കിൽ താൽക്കാലിക ജീവനക്കാരെ നിയോഗിച്ചു ഫീൽഡ് പരിശോധന നടത്തി കെട്ടിടങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കാനും നഗരസഭ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. യോഗ്യരായവരെ ലഭിച്ചില്ലെങ്കിൽ പ്ലസ് ടു പാസായ കംപ്യൂട്ടർ ഡേറ്റ എൻട്രി അറിയാവുന്നവരെ നിയോഗിക്കാം. 

ഈ പ്രവർത്തനം പൂർത്തിയാക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം നഗരസഭകളിലെ ഡപ്യൂട്ടി സെക്രട്ടറി, റവന്യു ഓഫിസർ, റവന്യു ഇൻസ്പെക്ടർ എന്നിവർക്കായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. വസ്തു നികുതി (കെട്ടിട നികുതി) പിരിക്കേണ്ടതും നികുതി ഇളവുകൾ ഉള്ളതുമായി ആയിരക്കണക്കിനു കെട്ടിടങ്ങളുടെ വിവരങ്ങൾ മുൻപത്തെ ‘സഞ്ചയ’ സോഫ്റ്റ്‌വെയറിൽനിന്ന് ഇനിയും കെ സ്മാർട്ടിലേക്കു ഡിജിറ്റലായി ചേർക്കാത്തതു കാരണം സാങ്കേതിക പ്രയാസങ്ങൾ നേരിടുന്നതായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചതിനെത്തുടർന്നാണു നടപടി. 

വിമുക്തഭടന്മാരുടെ ഉടമസ്ഥതയിലുള്ള നികുതി ഒഴിവുള്ള കെട്ടിടങ്ങൾ, പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ കാര്യത്തിൽ അവ പൊളിച്ചുമാറ്റുന്നതു വരെയുള്ള നികുതി അടച്ചെന്ന് ഉറപ്പാക്കുക, പൂട്ടിയിട്ട കെട്ടിടങ്ങൾക്ക് 6 മാസത്തേക്കു നൽകുന്ന നികുതി ഒഴിവ് തുടങ്ങിയവയാണ് ഡേറ്റ ശുദ്ധീകരിക്കാൻ നടത്തേണ്ടത്. 2023–24 വരെ നികുതി അടച്ച കെട്ടിട ഉടമകൾക്ക് ഡേറ്റ ശുദ്ധീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കുടിശികതുക ഒറ്റത്തവണത്തേക്ക് ഒഴിവാക്കും. 

2023–24 വരെ നികുതി പൂർണമായും അടയ്ക്കാത്തവർക്ക്, അവർ ഏത് അർധവർഷം വരെയുള്ള നികുതിയാണോ അടച്ചത് അതുവരെയുള്ള കുടിശിക ഒറ്റത്തവണത്തേക്ക് ഒഴിവാക്കി നൽകും. കുടിശിക നികുതി ഉൾപ്പെടെ മുഴുവൻ അടച്ചവർക്ക് അധികമായി നികുതി അടച്ചിട്ടുണ്ടെങ്കിൽ അധികമായി അടച്ച തുക ഈ വർഷം മുതലുള്ള നികുതിയിൽ ക്രമീകരിച്ചു നൽകും. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com