കെഎസ്ആർടിസി ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി

Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ചു കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തി. ട്രാൻസ്പോർട്ട് ഭവനിൽനിന്നു സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.
സ്റ്റാലിന്റെ കോഴിയുടെ പൂട പറിക്കൽ തിയറി കെഎസ്ആർടിസിയിൽ സർക്കാർ നടപ്പാക്കുകയാണ്. 8 വർഷം കൊണ്ട് തൊഴിലാളിദ്രോഹത്തിന്റെ നെല്ലിപ്പലക കണ്ടു. ചെരിപ്പിന്റെ അളവിനനുസരിച്ചു പാദം മുറിക്കുന്നതു പോലുള്ള പരിഷ്കാര ങ്ങളാണു നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ബസിന്റെ മാതൃക തയാറാക്കി ചങ്ങല വലിച്ചായിരുന്നു പ്രതിഷേധം. തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് സി.എസ്.ശരത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി.നായർ,നോർത്ത് ജില്ലാ സെക്രട്ടറി വി.ആർ.അജിത്,വെസ്റ്റ് ജില്ലാ സെക്രട്ടറി ഡി.ബിജു,സംസ്ഥാന ട്രഷറർ ആർ.എൽ.ബിജുകുമാർ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.സുരേഷ് കുമാർ,ജി.എസ്.ഗോപകല,സംസ്ഥാന സെക്രട്ടറിമാരായ എസ്.വി.ഷാജി,എൻ.എസ്.രഞ്ജിത് എന്നിവർ പ്രസംഗിച്ചു.