പൂവമ്പാറ റെസ്റ്റ് ഹൗസിന് സമീപം മണ്ണിടിച്ചിൽ ഭീഷണി

Mail This Article
ആറ്റിങ്ങൽ∙ ദേശീയപാതയിൽ പൂവമ്പാറ റെസ്റ്റ് ഹൗസിനോട് ചേർന്ന് മണ്ണിടിച്ചിൽ ഭീഷണി. ദേശീയപാതയോട് ചേർന്ന് ഇരുപതടിയോളം ഉയർന്ന ഭാഗമാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ദേശീയപാതയോട് ചേർന്ന് ഉയർന്ന സ്ഥലത്താണ് സർക്കാർ റെസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. റെസ്റ്റ് ഹൗസിന്റെ മതിലിനോട് ചേർന്ന് മണ്ണിടിഞ്ഞിട്ടുണ്ട്.
രണ്ടാഴ്ച മുൻപ് മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മതിലിനോട് ചേർന്നു നിന്ന വൻ മരം കടപുഴകി ദേശീയപാതയ്ക്ക് കുറുകെ പതിച്ചിരുന്നു. . മരം വീണതോടെ മണ്ണിടിച്ചിൽ ശക്തമാവുകയായിരുന്നു. അപകട ഭീതി മുന്നിൽ കണ്ട് സമീപത്തുണ്ടായിരുന്ന മറ്റ് മരങ്ങൾ അധികൃതർ മുറിച്ചു മാറ്റി.
നിലവിലെ സ്ഥിതി തുടർന്നാൽ റെസ്റ്റ് ഹൗസിന്റെ മതിൽ അടക്കം ഏത് നിമിഷവും താഴേക്ക് പതിക്കുന്ന അവസ്ഥയാണ്. മണ്ണിടിച്ചിലിന്റെ വ്യാപിതി കുറയ്ക്കുന്നതിനും മതിൽ സംരക്ഷിക്കുന്നതിനുമായി അധികൃതർ മണ്ണിടിഞ്ഞ ഭാഗത്തും മതിലിലും ടാർപ്പോളിൻ കൊണ്ട് മൂടി താൽക്കാലിക സംരക്ഷണം ഒരുക്കിയിട്ടുണ്ട്. എന്നാൽ മണ്ണിടിച്ചിൽ തുടർന്നാൽ വൻ അപകട സാധ്യതയുണ്ടാകുമെന്നാണ് നാട്ടുകാരുടെ ഭയം.
റെസ്റ്റ് ഹൗസിന്റെ മതിൽ തകരുന്നതിന് പുറമേ റ്വളരെ ഉയരത്തിൽ നിന്നും പതിക്കുന്ന മണ്ണ് ദേശീയപാതയിലേക്ക് പതിച്ച് യാത്രക്കാർക്ക് അപകടമുണ്ടാകാനുള്ള സാധ്യതയും നാട്ടുകാർ ഉന്നയിക്കുന്നു പൊതുമരാമത്ത് വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും നടപടികൾ പൂർത്തിയാക്കി മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കുന്നതിന് വേണ്ട നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഒ എസ് അംബിക എംഎൽഎ പറഞ്ഞു.