മഹാരാജന്റെ ഓർമകൾക്ക് ഒരു വർഷം; ജപ്തി ഭീഷണിയിൽ കുടുംബം
Mail This Article
വിഴിഞ്ഞം∙മൂന്നു നാൾ 90 അടി താഴ്ചയുള്ള കിണറിനുള്ളിൽ അകപ്പെട്ടു കിടന്നു വെല്ലുവിളി നിറഞ്ഞ വലിയ പരിശ്രമത്തിനൊടുവിൽ ചേതനയറ്റ നിലയിൽ പുറത്തെടുത്ത വെങ്ങാനൂർ നിവാസി മഹാരാജ(55)ന്റെ ഓർമകൾക്ക് നാളെ ഒരു വർഷം. ആദ്യ ഓർമ ദിനമടുക്കുമ്പോൾ കുടുംബനാഥന്റെ വേർപാടിന്റെ ആഘാതത്തിനൊപ്പം കിടപ്പാട ജപ്തി ഭീഷണിയിലുമാണ് വീട്ടുകാർ.
വായ്പ എഴുതിത്തള്ളുമെന്ന നിലക്കുള്ള അധികൃതരുടെ പ്രഖ്യാപനം നടപ്പായില്ലെന്നു വീട്ടുകാർ പരാതിപ്പെട്ടു. വീടു നിർമാണത്തിന്റെ ഭാഗമായി സഹകരണ ബാങ്കിൽ നിന്നെടുത്ത രണ്ടു ലക്ഷം രൂപയുടെ വായ്പ തുക ഇരട്ടിയോളം ആയതായി മഹാരാജന്റെ ഭാര്യ സെൽവി പറഞ്ഞു.വീടു നഷ്ടപ്പെട്ടാൽ എവിടെ പോകും എന്ന ആശങ്കയിലാണ് ഈ കുടുംബം.
കഴിഞ്ഞ വർഷം ജൂലൈ 8നായിരുന്നു വിഴിഞ്ഞം മുക്കോലയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറിനുള്ളിൽ കോൺക്രീറ്റ് ഉറ സ്ഥാപിക്കുന്നതിനും പമ്പ് സെറ്റ് എടുക്കുന്നതിനുമായി വെങ്ങാനൂർ നെല്ലിയറത്തലയിൽ താമസിക്കുന്ന തമിഴ്നാട് പാർവതിപുരം സ്വദേശി മഹാരാജൻ ഇറങ്ങിയത്. കോൺക്രീറ്റ് ഉറ തകർന്ന് മഹാരാജൻ കിണറിനുള്ളിലകപ്പെട്ടു. രണ്ട് രാവുകളും രണ്ട് പകലുകളും വിശ്രമമില്ലാതെ നടത്തിയ പരിശ്രമത്തിനൊടുവിൽ പ്രതീക്ഷകൾ തെറ്റിച്ച് മഹാരാജന്റെ മൃതദേഹമാണ് 10ന് പുറത്തെടുക്കാനായത്.
കുടുംബനാഥന്റെ അപ്രതീക്ഷിത വേർപാടിൽ പകച്ചു നിന്ന നിർധന കുടുംബത്തിന് സർക്കാരിൽ നിന്നു അടിയന്തര ധനസഹായവും സ്വകാര്യ സ്കൂൾ നേതൃത്വത്തിൽ കിടപ്പാടത്തിന്റെ ശേഷിച്ച പണികളും പൂർത്തീകരിച്ചു നൽകിയതു മാത്രമാണ് ആശ്വാസമായത്. വായ്പാബാധ്യത ഒഴിവാകുമെന്നു പറഞ്ഞിരുന്നെങ്കിലും നടന്നില്ല. സഹകരണ ബാങ്കിൽ നിന്നു വായ്പ തിരിച്ചടവിനു നിരന്തര സമ്മർദവും വാക്കാലുള്ള ജപ്തി ഭീഷണിയും ഉണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.