ADVERTISEMENT

തിരുവനന്തപുരം∙ നെഞ്ചുവേദനയുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച വയോധിക മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവെന്ന് ആരോപിച്ചു ബന്ധുക്കൾ. കുളത്തൂർ ജി.എസ്.നിവാസിൽ കിഴക്കുംകര വി.ഗിരിജാ കുമാരിയാണ്(64) ഇന്നലെ പുലർച്ചെ മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽ എത്തിച്ച ഗിരിജകുമാരിക്ക് 12 മണിക്കൂറോളം ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, ഇതുസംബന്ധിച്ചു പരാതികൾ ലഭിച്ചിട്ടില്ലെന്നും പരിശോധന നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

അമ്മ യ്ക്ക് വെള്ളിയാഴ്ച ഉച്ചയോടെ കടുത്ത നെഞ്ചുവേദനയുണ്ടായി. രണ്ടു മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായ പരിചരണം ലഭിച്ചില്ല.. ഇസിജിയിൽ വ്യത്യാസം കണ്ടതിനെത്തുടർന്ന് ഡോക്ടർ രക്തം പരിശോധിക്കാനായി എഴുതിയെങ്കിലും രക്തം എടുക്കാനോ പരിശോധനയ്ക്കായി ലാബിൽ എത്തിക്കാനോ ഉള്ള ഒരു നടപടിയും നഴ്സുമാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. രാത്രി 8 മണിക്കാണു രക്തം എടുത്തു പരിശോധനയ്ക്കായി നൽകിയത്. ഇൗ സമയമത്രയും അമ്മ വേദന കൊണ്ട് പുളഞ്ഞെങ്കിലും കാര്യമായ പരിചരണം കിട്ടിയില്ല. രാത്രി 1.30ന് രക്തം പരിശോധിച്ച റിപ്പോർട്ടുമായി ചെല്ലുമ്പോൾ അമ്മയുടെ അവസ്ഥ ഗുരുതരമായി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാവിലെ 5 മണിയോടെ തങ്ങൾക്ക് ആവുന്നതെല്ലാം ചെയ്തെങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാൻ ആയില്ലെന്ന അറിയിപ്പാണ് നഴ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

ഗിരിജകുമാരിക്ക് ഇസിജി വേരിയേഷൻ കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർ രക്തപരിശോധനയ്ക്ക് നിർദേശിച്ചിരുന്നു. ഇതിനായി സാംപിൾ എടുക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നഴ്സുമാർ തയാറായില്ലെന്ന് ആരോപണമുണ്ട്. എസിആർ ലാബിലെ ജീവനക്കാരുടെ ഭാഗത്തുനിന്നു മോശം ഇടപെടൽ ഉണ്ടായി. രോഗിയെ കൊണ്ടുവന്നാൽ പരിശോധന നടത്താമെന്നും പടികൾ കയറി വന്നു സാംപിൾ എടുക്കാൻ കഴിയില്ലെന്നു ജീവനക്കാർ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു.

രക്തപരിശോധനയ്ക്കു സാംപിൾ ശേഖരിച്ചത് രാത്രി ഏറെ വൈകിയാണ്. ഇന്നലെ പുലർച്ചയോടെ മരിച്ചു. ചികിത്സപ്പിഴവ് ആരോപിച്ച് മകൻ ജി.എസ്.സൈജു ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചതോടെയാണു വിവാദമായത്.ബി.സത്യദാസനാണ് ഗിരിജാ കുമാരിയുടെ ഭർത്താവ്. മറ്റുമക്കൾ: ജി.എസ്.സ്തുതി, പരേതനായ ലൈജു. മരുമക്കൾ: ടി.ആർ.രജിത, എസ്.സനൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com