മുതലപ്പൊഴി: സർക്കാരിന് ഗുരുതര വീഴ്ചയെന്ന് ന്യൂനപക്ഷ കമ്മിഷൻ
Mail This Article
തിരുവനന്തപുരം ∙ മുതലപ്പൊഴി തുറമുഖത്തിന്റെ ആഴംകൂട്ടുന്നതിനു ബാധ്യതയുള്ള അദാനി പോർട്സിനെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിനു ഗുരുതരമായ വീഴ്ച സംഭവിച്ചെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. വിവിധ വകുപ്പുകൾ നൽകിയ റിപ്പോർട്ടുകളും തെളിവുകളും പരിശോധിച്ചാണു കമ്മിഷൻ ചെയർമാൻ എ.എ.റഷീദിന്റെ പരാമർശം. മുതലപ്പൊഴിയെക്കുറിച്ചുള്ള പഠനറിപ്പോർട്ടുകളിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ അധികൃതരോടു പലതവണ ആവശ്യപ്പെട്ടു.
ഇന്നലെയും ഉദ്യോഗസ്ഥർ വ്യക്തമായ മറുപടി നൽകിയില്ല. ഇതിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള കരിങ്കല്ല് ശേഖരിച്ചു കൊണ്ടുപോകാനാണു മുതലപ്പൊഴി തുറമുഖം അദാനി പോർട്സിനു വിട്ടുകൊടുത്തത്. കരിങ്കല്ല് കൊണ്ടുപോയ ശേഷം തുറമുഖം പൂർവസ്ഥിതിയിലാക്കും എന്നായിരുന്നു സർക്കാരുമായുള്ള അദാനി പോർട്സിന്റെ ധാരണ. മുതലപ്പൊഴിയിൽ മാറ്റങ്ങൾ വരുത്തിയതോടെ വള്ളങ്ങൾ അപകടത്തിൽപ്പെടാൻ തുടങ്ങി.
ഇതിനു പരിഹാരം കാണാൻ തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനായി അദാനി പോർട്‌സുമായി 2018ൽ സർക്കാർ ധാരണാപത്രത്തിൽ ഏർപ്പെട്ടു. എന്നാൽ നിയമപ്രാബല്യമുള്ള കരാർ ഫിഷറീസ് വകുപ്പ് തയാറാക്കിയില്ല. പകരം രണ്ടു തവണ ധാരണാപത്രം പുതുക്കി. ധാരണാപത്രം അനുസരിച്ച് അദാനി പോർട്സ് പ്രവർത്തിച്ചോയെന്ന് ഇതുവരെ വിലയിരുത്തിയിട്ടുമില്ല. ഇക്കാര്യത്തിൽ സർക്കാർ വകുപ്പുകൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് കമ്മിഷൻ വിമർശിച്ചു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ചുമതലപ്പെട്ട വകുപ്പുകൾക്കും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് കമ്മിഷൻ കണ്ടെത്തി. 20 ന് നടക്കുന്ന സിറ്റിങ്ങിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതരോടു കമ്മിഷൻ നിർദേശിച്ചു. മത്സ്യബന്ധന തുറമുഖ വകുപ്പ്, ഹാർബർ എൻജിനീയറിങ് വകുപ്പ്, തീരദേശ പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അദാനി പോർട്‌സിന്റെ പ്രതിനിധിയും സിറ്റിങ്ങിൽ ഹാജരായി.
മുതലപ്പൊഴി: 125 അപകടം,73 മരണം
മുതലപ്പൊഴിയിൽ ഇതിനകം 125 അപകടങ്ങളും 73 മരണങ്ങളും സംഭവിച്ചു. തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം കഴിഞ്ഞാൽ ഫിഷിങ് ആവശ്യങ്ങൾക്കുള്ള രണ്ടാമത്തെ പുലിമുട്ട് ഹാർബറാണ് മുതലപ്പൊഴി. കൃത്രിമ ഹാർബറുകളുടെ പട്ടികയിൽപ്പെടുന്നതുമാണിത്. 2000 മുതലാണ് ഇവിടത്തെ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള പഠനങ്ങളും മറ്റും നടന്നത്.