ADVERTISEMENT

നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകരയിലേത് ജനറൽ ആശുപത്രിയോ അതോ താലൂക്ക് ആശുപത്രിയോ? ജനറൽ ആശുപത്രിയെന്നു ചിലർ. താലൂക്ക് ആശുപത്രിയെന്നു മറ്റു ചിലർ. യാഥാർഥ്യം എന്താണ്? ഈ ആശുപത്രിയുടെ പ്രവേശന കവാടത്തിനു മുകളിലായി ‘ജില്ലാ ജനറൽ ആശുപത്രി’യെന്ന് എഴുതിയിരുന്നു. അതിൽ ‘ജില്ല’ എന്ന് എഴുതിയിരുന്ന ഭാഗത്തുള്ള അക്ഷരങ്ങൾ ഇടക്കാലത്ത് ഇളകി തറയിൽ വീണു. എന്നാൽ, ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുകളിലെയും ആശുപത്രിയുടെ മുന്നിലെയും ബോർഡുകളിൽ നല്ല വെടിപ്പായി ‘ജില്ലാ ജനറൽ ആശുപത്രി’ എന്നു തന്നെ എഴുതിയിട്ടുണ്ട്.

ജനറൽ ആശുപത്രി പദവിയിൽ നിന്ന് 7 വർഷം മുൻപ് താലൂക്ക് ആശുപത്രിയായി തരം താഴ്ത്തിയെങ്കിലും ഇപ്പോഴും ജനറൽ ആശുപത്രിയെന്ന ബോർഡ് മാറ്റിയിട്ടില്ല. ഇതിൽ ‘ജില്ല’ എന്ന എഴുതിയിരുന്ന അക്ഷരങ്ങൾ ഇളകിപ്പോയ നിലയിൽ
ജനറൽ ആശുപത്രി പദവിയിൽ നിന്ന് 7 വർഷം മുൻപ് താലൂക്ക് ആശുപത്രിയായി തരം താഴ്ത്തിയെങ്കിലും ഇപ്പോഴും ജനറൽ ആശുപത്രിയെന്ന ബോർഡ് മാറ്റിയിട്ടില്ല. ഇതിൽ ‘ജില്ല’ എന്ന എഴുതിയിരുന്ന അക്ഷരങ്ങൾ ഇളകിപ്പോയ നിലയിൽ

പക്ഷേ, സർക്കാരിന്റെ കണ്ണിൽ ഇതു താലൂക്ക് ആശുപത്രി എന്നാണു ജില്ലാ പഞ്ചായത്ത് പറയുന്നത്. അതു വളരെ ശരിയാണ് എന്നു തെളിയിക്കുന്നതാണ് ഈ ആശുപത്രിയിലുള്ള സ്റ്റാഫ് പാറ്റേൺ. വി.എസ്.ശിവകുമാർ മന്ത്രിയും ആർ.സെൽവരാജ് എംഎൽഎയുമായിരുന്ന കാലത്താണ് (2014ൽ), നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയെ ജില്ലാ ജനറൽ ആശുപത്രിയായി ഉയർത്തിയത്. പക്ഷേ, ജനറൽ ആശുപത്രിക്കു വേണ്ട സ്റ്റാഫ് പാറ്റേൺ സൃഷ്ടിച്ചില്ല.

അന്നു സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്ന ആശുപത്രി, ആർദ്രം പദ്ധതിയുടെ ഭാഗമായി 2017ൽ ജില്ലാ പഞ്ചായത്തിന് കൈമാറിയതോടെ ഇതു വീണ്ടും താലൂക്ക് ആശുപത്രിയായി മാറി. സർക്കാർ രേഖകളിൽ, ജില്ലാ ജനറൽ ആശുപത്രി എന്നത് താലൂക്ക് ആശുപത്രിയായി മാറിയെങ്കിലും ആശുപത്രിയുടെ മുന്നിലെ ബോർഡുകളിൽ ഇപ്പോഴും ജില്ലാ ജനറൽ ആശുപത്രി എന്നു തുടരുന്നത് ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമെന്നാണ് ആക്ഷേപം.

സ്റ്റാഫ് പാറ്റേൺ പുനഃക്രമീകരിക്കണം
നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ ദിവസവും ശരാശരി രണ്ടായിരത്തിലധികം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. അവരെ പരിചരിക്കാനുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഇല്ലെന്നതാണ് വസ്തുത. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ആനുപാതികമായി സ്റ്റാഫ് പാറ്റേൺ പുനഃക്രമീകരിക്കുക എന്നതു മാത്രമാണ് പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം.

രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും നിലവിലുള്ള ജീവനക്കാർ പോര എന്ന വിവരം കെ.ആൻസലൻ എംഎൽഎ, ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ എത്തിച്ചിരുന്നു . ഇതു സംബന്ധിച്ച പ്രപ്പോസൽ തയാറാക്കി നൽകി. ഇതു നടപ്പാക്കാൻ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തടസ്സമാകുന്നു എന്നാണ് വിവരം.

ആരോഗ്യ വകുപ്പ് പുതിയ സ്റ്റാഫ് പാറ്റേൺ തയാറാക്കിയാലും ധനവകുപ്പ് അനുമതി നൽകാതിരിക്കും. ഇതോടെ കാര്യങ്ങൾ വീണ്ടും പഴയ പടിയാകും. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചെങ്കിൽ മറ്റു പല ആശുപത്രികളിലും എണ്ണം കുറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞ ആശുപത്രികളിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഇവിടേക്കു പുനർ വിന്യസിക്കണമെന്ന അഭ്യർഥനയും എംഎൽഎ മന്ത്രിയുടെ മുന്നിൽ വച്ചു. 

ഇക്കാര്യം മന്ത്രിയുടെ പരിഗണനയിലാണ്. പക്ഷേ, ഏതെങ്കിലും ഒരു ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെ പിൻവലിക്കുന്ന സാഹചര്യം ഉണ്ടായാൽ അവിടെ പ്രാദേശികമായി ഉയർന്നു വരാൻ സാധ്യതയുള്ള പ്രതിഷേധം കണക്കിലെടുത്താണ് മന്ത്രി ഇക്കാര്യത്തിൽ വൈമനസ്യം കാട്ടുന്നതെന്ന് കരുതുന്നു. അതേസമയം സ്റ്റാഫ് ഇല്ലെങ്കിലും ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ വലിയ അളവിൽ മാറിയിട്ടുണ്ട്. 

സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് ഇവിടെയാണുള്ളത്. ദിവസവും 50 പേർ വീതം ഇവിടെയെത്തി ഡയാലിസിസ് ചെയ്യുന്നു. പേ വാർഡിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളെക്കാളും മേലെയാണ്. ഗൈനക്, ജെറിയാട്രിക് തുടങ്ങി വിവിധ വിഭാഗങ്ങൾക്കു വേണ്ടി കോടികളാണ് മുടക്കിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com