ജനാധിപത്യവിരുദ്ധ പ്രവർത്തനം എസ്എഫ്ഐ തിരുത്തണം: എഐവൈഎഫ്
Mail This Article
തിരുവനന്തപുരം∙ എസ്എഫ്ഐ– സിപിഐ വിവാദത്തിൽ സിപിഐ വിദ്യാർഥി സംഘടനയായ എഐഎസ്എഫിനു പിന്നാലെ യുവജന സംഘടനയായ എഐവൈഎഫും ബിനോയ് വിശ്വത്തെ പിന്തുണച്ചു രംഗത്തെത്തി. എസ്എഫ്ഐയെക്കുറിച്ചു ബിനോയ് വിശ്വം നടത്തിയ പ്രതികരണം കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായമാണെന്നും വസ്തുതാപരമായ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിനു പകരം മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിച്ച് അദ്ദേഹത്തെ വിമർശിച്ച എസ്എഫ്ഐ നിലപാട് അപലപനീയമാണെന്നും എഐവൈഎഫ് നേതൃത്വം പറഞ്ഞു.
എസ്എഫ്ഐയുടെ ലേബലിൽ ചില കലാലയങ്ങളിൽ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതു തിരുത്താൻ എസ്എഫ്ഐ നേതൃത്വം തയാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും ആവശ്യപ്പെട്ടു. വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ഉൾപ്പെടെ ചില ക്രിമിനലുകൾ നടത്തിയ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ഇടതുപക്ഷത്തിനു തന്നെ കളങ്കമാകുന്ന സ്ഥിതിയുണ്ടാക്കി.
ഇടതുവിരുദ്ധർക്കും മാധ്യമങ്ങൾക്കും ഇടതുപക്ഷത്തെ ആക്രമിക്കുവാനുള്ള ആയുധം നൽകുന്ന പ്രവൃത്തികളാണ് എസ്എഫ്ഐയുടെ പേരുപയോഗിച്ചു നടക്കുന്നത്. സ്വന്തം പ്രസ്ഥാനത്തെ ഇത്തരക്കാർക്കു താവളമാക്കാനുള്ള അവസരം നൽകരുത്. ഇത്തരക്കാരെ അകറ്റിനിർത്തണം. മുൻകാല വിദ്യാർഥി നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തം കൂടിയാണു ബിനോയ് വിശ്വം നിർവഹിച്ചതെന്നും എഐവൈഎഫ് നേതാക്കൾ പറഞ്ഞു.