മൂന്ന് വർഷം മുൻപുള്ള ഗൂണ്ടാപ്പക: തലസ്ഥാനം വീണ്ടും നടുങ്ങി; ബോംബിന് പകരം ബോംബ്

Mail This Article
കഴക്കൂട്ടം∙ സ്റ്റേഷൻകടവിനു സമീപം അഖിലിനു നേരെ ഉണ്ടായ ബോംബേറ് പഴയ ഗുണ്ടാപ്പകയുടെ തുടർച്ചയെന്ന നിഗമനത്തിൽ പൊലീസ്. ഗുണ്ടാ കേസുകളിലെ പ്രതി നെഹ്റു ജംക്‌ഷൻ സ്വദേശി സുനിലിന്റെ നേതൃത്വത്തിലാണ് തന്റെ നേരെ ബോംബേറ് നടത്തിയതെന്നാണ് അഖിൽ പൊലീസിനോടു പറഞ്ഞത്. മുൻപ് ലഹരി വസ്തുക്കളുടെ കച്ചവടത്തിലും ഗുണ്ടാ ആക്രമണങ്ങളിലും കൂട്ടാളികളായിരുന്നു ഇരുവരും. ഇപ്പോൾ ജയിലിൽ കഴിയുന്ന തുമ്പ സ്വദേശി ലിയോണി ജോൺസൺ ആയിരുന്നു നേതാവ്. ലഹരി വസ്തുക്കളുടെ കച്ചവടത്തിൽ ലിയോണുമായി സുനിൽ തെറ്റിയിരുന്നു. തുടർന്ന് 3 വർഷം മുൻപ് സുനിലിനെ വകവരുത്താൻ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു.
സുനിൽ തുമ്പ സ്വദേശി രാജുവുമായി തുമ്പ പാർവതീ പുത്തനാറിനു സമീപം നിന്നു സംസാരിച്ചു നിൽക്കുമ്പോൾ ബൈക്കുകളിൽ ലിയോണിയുടെയും അഖിലിന്റെയും നേതൃത്വത്തിൽ എത്തിയ സംഘം സുനിലിനു നേരെ നാടൻ ബോംബുകൾ എറിഞ്ഞു. എന്നാൽ സുനിൽ ഒഴിഞ്ഞു മാറിയതിനാൽ തുമ്പ സ്വദേശി രാജുവിന്റെ കാലിൽ വീണാണ് ബോംബു പൊട്ടിയത്. അടുത്ത ആഴ്ച കുടുംബവുമായി വിദേശത്ത് പോകാൻ ഇരിക്കെയാണ് രാജുവിന്റെ ഒരു കാൽ തകർന്നത്.തുടർന്ന് രാജു ദീർഘനാൾ ചികിത്സയിൽ കഴിഞ്ഞിരുന്നു. അന്നത്തെ പകയാണ് ഇന്നലെ നടന്ന ബോംബേറിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
ആവിയായി പൊലീസിന്റെ‘ ഓപ്പറേഷൻ ആഗ് ’
തിരുവനന്തപുരം∙ ഗുണ്ടകളെ അമർച്ച ചെയ്യാൻ ഓപ്പറേഷൻ ‘ആഗ്’ എന്ന പേരിൽ സംസ്ഥാനത്ത് ഒട്ടാകെ റെയ്ഡ് നടത്തി എണ്ണായിരത്തോളം ഗുണ്ടകളെ ജയിലിലാക്കിയതായി പൊലീസ് അവകാശപ്പെട്ട് ആഴ്ചകൾക്കകം തലസ്ഥാന ജില്ലയിൽ ബോംബേറ്. മേയ് അവസാനത്തോടെയാണ് ഗുണ്ടകൾക്കെതിരെ കർശന നടപടിയെന്ന പേരിൽ ഓപ്പറേഷൻ ആഗ് രണ്ടാം പതിപ്പ് ആരംഭിച്ചത്. കർശന നടപടി ഇളവില്ലാതെ തുടരണമെന്നും 10 ദിവസത്തിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഓരോ ജില്ലയിലെയും പ്രവർത്തനം വിലയിരുത്തുമെന്നും ജില്ലാ പൊലീസ് മേധാവികൾക്ക് പൊലീസ് ആസ്ഥാനത്തുനിന്ന് അറിയിപ്പും നൽകിയിരുന്നു.
എന്നാൽ ഉത്തരവുകൾ നൽകുന്ന വകുപ്പ് മേധാവികളുടെ മൂക്കിൻതുമ്പിലാണ് പട്ടാപ്പകൽ ഇന്നലെ ഗുണ്ടകൾ അഴിഞ്ഞാടിയത്. ജില്ലയിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ മേയിൽ തയാറാക്കിയ ആക്‌ഷൻ പ്ലാൻ അനുസരിച്ച് ഗുണ്ടാ,റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും ഗുണ്ടാ സാധ്യത ലിസ്റ്റിൽ ഉള്ളവരെയും പ്രത്യേകം നിരീക്ഷിക്കാൻ ഓരോ സ്റ്റേഷനിലും ഓരോ സിപിഒമാരെ നിയോഗിക്കാനും എല്ലാ ദിവസവും ഇവരുടെ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ടായിരുന്നു. തുമ്പ നെഹ്റു ജംക്‌ഷന് സമീപത്താണ് ഇന്നലെ ഗുണ്ടാസംഘം സ്കൂട്ടറിലെത്തി നാടൻ ബോംബെറിഞ്ഞത്. ഇവിടെ നിന്ന് 400 മീറ്റർ മാത്രം അകലെയാണ് പൊലീസ് സ്റ്റേഷൻ. അക്രമിസംഘം വന്നതും ബോബ് എറിഞ്ഞ ശേഷം തിരികെ പോയതും പൊലീസ് സ്റ്റേഷനു മുന്നിലൂടെയായിരുന്നു.
പൊലീസ് പരിശോധന പ്രഹസനം മാത്രമാകുന്നുവെന്ന് അന്നേ പരാതി ഉയർന്നിരുന്നു. ജില്ലയിലെ പ്രധാന ഗുണ്ടകളൊന്നും പൊലീസ് വലയിലായിട്ടില്ലെന്നും റെയ്ഡ് വിവരം ഉദ്യോഗസ്ഥരിൽ ചിലർ ചോർത്തി നൽകിയെന്നും ആരോപണമുണ്ടായിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസുകളിൽ ഉൾപ്പെട്ടവരെ പരിശോധനയുടെ പേരിൽ വിളിച്ചുവരുത്തി ജാമ്യം കൊടുത്ത് വിട്ടയച്ചതായും ആരോപണം ഉണ്ട്. ഗുണ്ടകളെ പിടിച്ചതായി അവകാശപ്പെടുമ്പോഴും ഇവരുടെ പേര്, മേൽവിലാസം, കേസ് വിവരങ്ങൾ തുടങ്ങിയവ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല.