ADVERTISEMENT

കഴക്കൂട്ടം ∙ ഗുണ്ടാ കുടിപ്പകയെ തുടർന്ന് പട്ടാപ്പകൽ നാടൻ ബോംബ് എറിഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബോംബ് എറിയാൻ സ്കൂട്ടറിൽ എത്തിയ നാലംഗ സംഘത്തിലുണ്ടായിരുന്ന മേനംകുളം ആറാട്ട് വഴിയിൽ പുതുവൽ പുത്തൻ വീട്ടിൽ ഷെഹിൻ ബാബുവാണ് (28)അറസ്റ്റിലായത്. കൊലപാതകശ്രമം, സ്ഫോടക വസ്തുക്കളുടെ ഉപയോഗം, പരിഭ്രാന്തി പരത്തൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. 4 പേരാണ് കേസിൽ പ്രതികൾ. ഒന്നാം പ്രതിയും മുൻപ് ഒട്ടേറേ ഗുണ്ടാ കേസുകളിലെ പ്രതിയുമായ തുമ്പ സ്വദേശി സുനിൽ കുമാറിന്റെ സഹായിയാണ് അറസ്റ്റിലായ ഷെഹിൻ ബാബു. ഗുണ്ടാ ആക്രമണം പടക്കമേറ്, അടിപിടി, ഭവനഭേദനം തുടങ്ങി 17 കേസുകൾ ഷെഹിനെതിരെ തുമ്പ - കഴക്കൂട്ടം സ്റ്റേഷനുകളിൽ ഉണ്ട്. 

കഴക്കൂട്ടം നെഹ്റു ജംക്‌ഷനു സമീപം ഇടറോഡിൽ ഞായറാഴ്ച പട്ടാപ്പകലാണ് ഗുണ്ടാ നേതാവ് സുനിലിന്റെ നേതൃത്വത്തിൽ രണ്ടു സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘം റോഡിൽ നിന്ന അഖിൽ(23), വിവേക്(27) എന്നിവർക്കു നേരെ രണ്ടു നാടൻ ബോംബുകൾ എറിഞ്ഞത്. സ്ഫോടനത്തിൽ വലത്തേ കൈപ്പത്തിക്കു ഗുരുതരമായി പരുക്കേറ്റ അഖിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവേകിന്റെ വലതു കൈക്കാണ് പരുക്ക്. കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് അടുത്ത കാലത്താണ് അഖിൽ ജയിലിൽ നിന്നും ഇറങ്ങിയത്. സിസി ക്യാമറ ദൃശ്യങ്ങളിൽ നിന്നും മുഖ്യ പ്രതി സുനിൽ ഉൾപ്പെടെ മറ്റു മൂന്നു പേരെയും തിരിച്ചറിഞ്ഞതായും ഇവർ ഉടൻ പിടിയിലാകും എന്നും തുമ്പ പൊലീസ് അറിയിച്ചു.അഖിലിനു നേരെ ഉണ്ടായ ബോംബേറ് പഴയ ഗുണ്ടാപ്പകയുടെ തുടർച്ചയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഗുണ്ട കേസുകളിലെ പ്രതി തുമ്പ സ്വദേശി സുനിലിന്റെ നേതൃത്വത്തിലാണ് തന്റെ നേരെ ബോംബേറ് നടത്തിയതെന്നാണ് അഖിൽ പൊലീസിനോടു പറഞ്ഞത്. 

ലഹരി വസ്തുക്കളുടെ കച്ചവടത്തിലും ഗുണ്ടാ ആക്രമണങ്ങളിലും കൂട്ടാളികളായിരുന്നു ഇരുവരും. കൊലക്കേസ് ഉൾപ്പെടെ ഒട്ടേറെ കേസിൽ പ്രതിയായി ഇപ്പോൾ ജയിലിൽ കഴിയുന്ന തുമ്പ സ്വദേശി ലിയോണി ജോൺസൺ ആയിരുന്നു നേതാവ്. ലഹരി വസ്തുക്കളുടെ കച്ചവടത്തിൽ ലിയോണുമായി സുനിൽ തെറ്റിയിരുന്നു. തുടർന്ന് 3 വർഷം മുൻപ് സുനിലിനെ വകവരുത്താൻ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം ബോംബ് എറിഞ്ഞു. ഇതിൽനിന്ന് രക്ഷപ്പെട്ട സുനിൽ പക വീട്ടാനായാണ് അഖിലിനെ കൊല്ലാൻ ശ്രമിച്ചത്. കഴക്കുട്ടം– തുമ്പ സ്റ്റേഷനുകളിൽ ബോംബേറ് ഉൾപ്പെടെ 24 കേസുകളിലെ പ്രതിയാണ് അഖിൽ. ജയിലിൽ നിന്നിറങ്ങിയ ശേഷം ഗുണ്ടാ പ്രവർത്തനം ആരംഭിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് അഖിലിലെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയത്. സുനിലിന്റെ പേരിലും നാടൻ പടക്കമേറ് ഉൾപ്പെടെ 14 കേസുകൾ ഉണ്ട്. വർഷങ്ങൾക്കു മുൻപ് വിദേശത്തേക്കു കടന്നതിനാൽ 2015നു ശേഷം സുനിലിന്റെ പേരിൽ കേസുകൾ ഒന്നും ഇല്ല എന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com