മുതലപ്പൊഴിയിൽ വീണ്ടും അപകടം; ബോട്ട് തെറിച്ചു കടലിൽ പതിച്ചു, 24 മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്

Mail This Article
ചിറയിൻകീഴ് ∙ അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു വ്യത്യസ്ത ബോട്ട് അപകടങ്ങളിൽ 24 മത്സ്യത്തൊഴിലാളികൾക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ഏഴിന് പുറംകടലിൽ മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖ മുനമ്പിലൂടെ തീരത്തണയാൻ ശ്രമിക്കവേ ശക്തമായ തിരച്ചുഴിയിൽപെട്ടു നിയന്ത്രണംവിട്ട ബോട്ട് മണൽ തിട്ടയിലിടിച്ചു മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന 21 പേരിൽ പെരുമാതുറ സ്വദേശികളായ നഹസ്(29), സഹീർ(27), ഹസൻ(31), മൻസൂർ(43), ഷാക്കിർ(30), ഷാജി(42), ഷാഫി(29), നൗഫൽ(45), റഫക്ക്(33), ശ്യാം(28), മഹേഷ്(41), ഫലാഹ്(45), സുഹൈൽ(36), നിസാർ(27),നസീർ(43),നിസാമുദ്ദീൻ(54),ഷാജി(59),സൈനുദ്ദീൻ(57),സഹീർ(44) എന്നിവരെ പരുക്കുകളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന പെരുമാതുറ സ്വദേശി റഫീക്കിനെ(48) കയ്യിൽ ഗുരുതരമായി പൊട്ടലേറ്റ നിലയിലും, പെരുമാതുറ സ്വദേശിയായ ഹസനെ(42) തലയ്ക്കു പരുക്കേറ്റ നിലയിലും കണ്ടെത്തിയതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ബോട്ട് തെറിച്ചു കടലിൽ പതിച്ചു
ശക്തമായ തിരയിൽ ആടിയുലഞ്ഞ ബോട്ട് തിരയിൽപെട്ട് തെറിച്ചു കടലിൽ പതിച്ചു. തീരത്തുണ്ടായിരുന്നവരാണു ഇതു കണ്ടു രക്ഷാപ്രവർത്തനം നടത്തിയത്. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ അപകടത്തിന്റെ തീവ്രത കുറഞ്ഞു. പെരുമാതുറ സ്വദേശി ഷാക്കിർ സലീമിന്റെ ബോട്ടാണു അപകടത്തിൽപെട്ടത്. ബോട്ടിലുണ്ടായിരുന്ന മത്സ്യശേഖരവും ബോട്ടിന്റെ എൻജിനടക്കം മത്സ്യബന്ധനോപകരണങ്ങളും നഷ്ടപ്പെട്ടു. നാലു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. സമാനമായ സംഭവം ഞായർ രാത്രി എട്ടു മണിക്കും തുറമുഖ മുനമ്പിൽ നടന്നു. പൂത്തുറ സ്വദേശി ലിജോയുടെ വേളാങ്കണ്ണി എന്നു പേരുള്ള ബോട്ടാണു അഴിമുഖത്തു അപകടത്തിൽപെട്ടത്.

മത്സ്യത്തൊഴിലാളികളായ പൂത്തുറ സ്വദേശി ജിജോ(39), നെടുങ്കണ്ടം സ്വദേശി അനസ്(36), ഒഡീഷ സ്വദേശി വിജീഷ്(40) എന്നിവർ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞു തീരത്തേക്കു മടങ്ങവേ ശക്തമായ തിരയിൽപെട്ട ബോട്ട് തുറമുഖ തീരത്തു പുലിമുട്ടുകൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുറമുഖ തീരത്തു ക്യാംപ് ചെയ്തിരുന്ന മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും മത്സ്യത്തൊഴിലാളികളും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. മൂവരും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബോട്ട് പൂർണമായി തകർന്നു. മത്സ്യബന്ധനോപകരണങ്ങളും മത്സ്യവും പൂർണമായി നശിച്ചു.