‘പാങ്ങോട്–പാലോട് റോഡ് എന്നെങ്കിലും നന്നാക്കുമോ?

Mail This Article
പാങ്ങോട് ∙ പാങ്ങോട്–പാലോട് റോഡ് തകർന്നിട്ട് മാസങ്ങളായി. റോഡിലെ വലിയ കുഴിയിൽ വീണ് യാത്രക്കാർ അപകടത്തിൽപെടുന്നു. റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കാരേറ്റ്–പാലോട് (വാമനപുരം–ചിറ്റാർ) റോഡിന്റെ ഭാഗമാണ് പാങ്ങോട്– പാലോട് റോഡ്. 3 പതിറ്റാണ്ടിലധികമായി എൽഡിഎഫ് ഭരണം കയ്യാളുന്ന വാമനപുരം നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നാണ് കാരേറ്റ് –പാലോട് റോഡ്. റോഡ് ശോചനീയാവസ്ഥയിലായിട്ട് ഏകദേശം 35 വർഷം പിന്നിടുന്നു.
5 വർഷം മുൻപ് കോടികൾ മുടക്കി റോഡ് നവീകരണം ആരംഭിച്ചു. 2 വർഷം പിന്നിട്ടപ്പോൾ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വച്ചു. തുടർന്ന് കരാറുകാരനെ പിരിച്ചുവിട്ടതായി അധികൃതർ പറഞ്ഞു. റോഡിൽ ഒന്നാംഘട്ട പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്. അവശേഷിക്കുന്ന ബിഎം,ബിസി പ്രവർത്തികളും ഡ്രയിനേജ്, റോഡ് സുരക്ഷാ ജോലികൾ, ബസ് ബേ തുടങ്ങിയവ പൂർത്തിയാക്കേണ്ടതുണ്ട്. റോഡിന്റെ പല ഭാഗത്തും അപകടകരമായ കുഴികൾ രൂപപ്പെട്ടു. പാങ്ങോട്–ഭരതന്നൂർ റോഡിൽ ആലവളവിനു സമീപം മാറനാട് റോഡ് ആരംഭിക്കുന്നിടത്ത് റോഡിന്റെ മധ്യഭാഗത്തായി വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്.
രാത്രിയിൽ ഇതുവഴി കടന്നു പോകുന്നവർ ഉറപ്പായും കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നുണ്ട്.തകർന്ന റോഡിൽ കൂടി ക്വാറികളിൽ നിന്നും അമിത ഭാരവുമായി വരുന്ന വലിയ ടോറസ് ലോറികൾ കടന്നു പോകുന്നതിനാൽ റോഡ് വലിയ തോതിൽ പൊളിഞ്ഞിളകുകയാണ്.നിലവിൽ റോഡിൽ ഇരുചക്രവാഹനങ്ങൾ അടക്കം സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. എംസി റോഡിനെയും ചെങ്കോട്ട റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്. റോഡ് നവീകരണം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.