ADVERTISEMENT

തിരുവനന്തപുരം ∙ നഗരത്തിൽ ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള നടപടികളിൽ പലതും അട്ടിമറിച്ചത് പൊലീസ്– ഗുണ്ടാ കൂട്ടുകെട്ട്. കൈക്കൂലി വാങ്ങി ഗുണ്ടകൾക്കു വ്യാജ പാസ്പോർട്ട് തരപ്പെടുത്തിയും റെയ്ഡ് വിവരങ്ങൾ ചോർത്തിയും പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഗുണ്ടകളെ സഹായിച്ചത് തിരിച്ചടിയായി. ഗുണ്ടകളെ നിരീക്ഷിക്കുന്നതിലും പൊലീസിനു വീഴ്ചപറ്റി. തുമ്പ സ്റ്റേഷൻ പരിധിയിലെ നെഹ്‌റു ജംക്‌ഷനിൽ കാപ്പ കേസ് പ്രതിയെയും സുഹൃത്തിനെയും ബോംബെറിഞ്ഞു വകവരുത്താൻ ശ്രമിച്ചത് കഴിഞ്ഞ ദിവസമാണ്.നഗരത്തിൽ അനധികൃത ചെമ്മണ്ണ് കടത്തിന്റെയും റിയൽ എസ്റ്റേറ്റ് ബിസിനസിന്റെയും തണലിൽ കഴക്കൂട്ടം, തുമ്പ, ശ്രീകാര്യം, മെഡിക്കൽകോളജ്, പേട്ട, ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിയിൽ ഗുണ്ടാസംഘങ്ങൾ സജീവമാണ്.

വ്യാജ പാസ്പോർട്ട്  പൊലീസ് വക
ക്രിമിനൽ കേസുകളിൽ പ്രതികളായ 14 പേർക്കാണ് പൊലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി വ്യാജ പാസ്പോർട്ട് തരപ്പെടുത്തി നൽകിയത്. തുമ്പയിൽ മാത്രം ഇത്തരത്തിൽ 13 പേർ പൊലീസിന്റെ സഹായത്തോടെ പാസ്പോർട്ട് തരപ്പെടുത്തിയെടുത്തു. തുമ്പയിലും പൂന്തുറയിലും റജിസ്റ്റർ ചെയ്ത കേസുകളിൽ 2 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായതോടെ ഇവരെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാതെ അന്വേഷണ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയും അന്വേഷണം മരവിപ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം

പ്രതിക്കു മുങ്ങാൻ പൊലീസ് സഹായം
പീഡന കേസിൽ വിവരം ചോർത്തി ഗുണ്ടയ്ക്കു മുങ്ങാൻ അവസരം ഒരുക്കിയതും പൊലീസ് ഉദ്യോഗസ്ഥർ. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പീഡന കേസിൽ ആണ് ഗുണ്ടയെ പൊലീസ് സഹായിച്ചത്. യുവതി പരാതി നൽകിയെങ്കിലും പൊലീസ് ആദ്യം കേസ് എടുത്തില്ല. പിന്നീട് ഇവർ കമ്മിഷണർക്കു പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്യാൻ കമ്മീഷണർ നിർദേശിച്ചതിനു പിന്നാലെ വിവരം ഗുണ്ടയ്ക്കു ചോർത്തി. ഗുണ്ടയെ ഒന്നാം പ്രതിയും ഡ്രൈവറെ രണ്ടും പ്രതിയാക്കി കേസ് എടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്ത പൊലീസ് ഗുണ്ടയെ മാത്രം തൊട്ടില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ തനിക്ക് എതിരായ പീഡന പരാതി വ്യാജമാണെന്നു ഒളിവിൽ കഴിയുന്ന ഗുണ്ട പൊലീസിനു കത്തയച്ചു. ഇതു വിശ്വാസത്തിലെടുത്ത് അറസ്റ്റ് ഒഴിവാക്കുകയും കേസ് ഒത്തുതീർക്കാൻ അവസരം ഒരുക്കുകയും ചെയ്തു. 

പൊലീസിന്റെ വീഴ്ച;പൊലിഞ്ഞത് ഒരു ജീവൻ
കരമന സ്വദേശി അഖിലിനെ നാലംഗ ഗുണ്ടാ സംഘം ക്രൂരമായി കൊലപ്പെടുത്തിയ കേസിലും പൊലീസിനു ഗുരുതരവീഴ്ചപറ്റി. 2019ലെ അനന്തു കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ അഖിലിനെ കൊലപ്പെടുത്തുന്നതിന് രണ്ടാഴ്ച മുൻപാണ് പാപ്പനംകോടുള്ള ബാറിൽ സംഘർഷം ഉണ്ടാക്കിയത്. ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ 6 പേർക്കു കാര്യമായി പരുക്കേൽക്കുകയും ചെയ്തു. കൊടും ക്രിമിനലുകളായ പ്രതികൾ ബാറിൽ അടിപിടി ഉണ്ടാക്കിയ വിവരം അറിഞ്ഞിട്ടും നേമം പൊലീസ് അനങ്ങിയില്ല. ആർക്കും പരാതി ഇല്ലെന്നു പറഞ്ഞു പൊലീസ് നടപടി എടുത്തില്ല. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ നിരീക്ഷിക്കുന്നതിൽ കരമന പൊലീസും വീഴ്ച വരുത്തി. ഒടുവിൽ രണ്ടാഴ്ച കഴിഞ്ഞ് ഗുണ്ടകൾ അഖിലിനെ കൊലപ്പെടുത്തി.

ലോകമെങ്ങും മത്സരം കുറ്റകൃത്യവും പൊലീസും തമ്മിലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം∙ കഴക്കൂട്ടത്തു കഴിഞ്ഞ ദിവസം ഗുണ്ടാപ്പകയുടെ ഭാഗമായുണ്ടായ ബോംബേറ് നിയമസഭയിൽ ചോദ്യോത്തരവേളയിൽ ഉന്നയിച്ച് പ്രതിപക്ഷം.  ഗുണ്ടകളെ നേരിടാൻ പൊലീസ് തുടങ്ങിവച്ച ‘ഓപ്പറേഷൻ ആഗ്’ പരാജയപ്പെട്ടെന്നു  കെ.ബാബു പറഞ്ഞു. ഗുണ്ടകളെ നേരിടുന്നതിൽ പൊലീസ് പരാജയപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കുറ്റകൃത്യവും പൊലീസും തമ്മിൽ പ്രത്യേക രീതിയിലുള്ള മത്സരമാണു ലോകത്താകെ നടക്കുന്നത്.ക്രിമിനലുകൾ പല രീതികളും സ്വീകരിക്കുമെങ്കിലും പൊലീസ് പരാജയപ്പെടുകയല്ല, ശക്തമായ തുടർനടപടി സ്വീകരിക്കുകയാണു ചെയ്യാറുള്ളത്. ഒട്ടേറെ ക്രിമിനലുകളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പൊലീസിനു കഴിഞ്ഞിട്ടുണ്ട്. തുടർന്നും ശക്തമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

2 തവണ ആക്രമണശ്രമം; ധൈര്യം കൊടുത്ത് പൊലീസ്! വധഭീഷണി ‘ഒത്തുതീർക്കാൻ’പൊലീസ്;  ഗുരുതരവീഴ്ച
തിരുവനന്തപുരം∙ കഴക്കൂട്ടം നെഹ്‌റു ജംക്‌ഷനിൽ കാപ്പ കേസിലെ പ്രതി അഖിലിനെ എതിരാളി സംഘം പട്ടാപ്പകൽ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തുമ്പ പൊലീസിന് സംഭവിച്ചത് ഗുരുതരവീഴ്ച. മൂന്നാഴ്ച മുൻപ് എതിരാളി സംഘം തന്നെ രണ്ടു തവണ ആക്രമിക്കാൻ പിന്തുടർന്നതായി അഖിൽ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുത്തില്ല. പകരം ഇരുകൂട്ടരെയും വിളിച്ചുവരുത്തി പ്രശ്നം പറഞ്ഞു തീർത്തു വിട്ടു. അന്നു പൊലീസ് നടപടി സ്വീകരിക്കാ ത്തതിന്റെ ഫലമാണ് ഞായർ പകൽ ബോംബേറിൽ കലാശിച്ചത്.

ബോംബേറിൽ പരുക്കേറ്റു മെഡിക്കൽകോളജ് ആശുപത്രിയിൽ കഴിയുന്ന അഖിൽ മനോരമയോട് പറഞ്ഞത്: മൂന്നാഴ്ച മുൻപ് രണ്ടു തവണയാണ് അവർ ആക്രമിക്കാനായി വന്നത്. തുമ്പ പൊലീസ് സ്റ്റേഷനു സമീപത്തെ ചന്തയിൽ തന്നെ തിരക്കി നാലു പേർ കാറിലെത്തി. കഴിഞ്ഞ ദിവസം ബോംബ് എറിഞ്ഞ സംഘത്തിലെ മൂന്നു പേർ അന്നു കാറിൽ ഉണ്ടായിരുന്നു.

ഇവരെ കണ്ടയുടൻ ഓടിമാറുകയായിരുന്നു. ചന്തയിൽ തനിക്കൊപ്പം കച്ചവടം നടത്തുന്നവരോടെല്ലാം തന്നെ വധിക്കുമെന്നു ഇവർ നിരന്തരം ഭീഷണിപ്പെടുത്തി. പിന്നീട് കോടതിയിലേക്കു പോകുമ്പോഴും പിന്തുടർന്നു. ഇതിന് എതിരെ തുമ്പ പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തില്ല. താൻ അസഭ്യം വിളിച്ചെന്നു കാട്ടി എതിരാളികളിൽ ഒരാളുടെ ഭാര്യ തനിക്ക് എതിരെ പരാതി നൽകി.

ഇതോടെ പരാതി പിൻവലിച്ച് കേസ് ഒത്തുതീർപ്പാക്കാൻ പൊലീസുകാർ നിർബന്ധിച്ചു. ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും സ്പെഷൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായതിനാൽ എതിരാളികൾ ഒന്നും ചെയ്യില്ലെന്നുമുള്ള ഉറപ്പിലാണ് അന്നു പരാതി പിൻവലിച്ചതെന്നും അഖിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com