പൊതുനിരത്തുകളിൽ മാലിന്യം നിറയുന്നു, നടപടി സ്വീകരിക്കാതെ അധികൃതർ
Mail This Article
കല്ലമ്പലം∙പൊതു നിരത്തുകളിലും തെരുവിലും മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാതെ അധികൃതർ മുഖം തിരിക്കുന്നു എന്ന് ആക്ഷേപം. ദേശീയപാത,ഗ്രാമീണ മേഖലയിലെ ഇടറോഡുകൾ എന്നിവിടങ്ങളിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെ ഉള്ളവ കൊണ്ട് പൊറുതി മുട്ടിയിട്ടും നടപടിയില്ലാത്തത് ജനങ്ങളോട് കാട്ടുന്ന വെല്ലു വിളി ആണെന്ന് പരാതി ഉയർത്തി റസിഡൻസ് അസോസിയേഷനുകളും സംഘടനകളും.
മാലിന്യ തള്ളുന്നവർക്ക് എതിരെ പിഴ ഉൾപ്പെടെയുള്ള ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നടപടിയില്ലാത്തത് വീണ്ടും മാലിന്യം തള്ളാനുള്ള ലൈസൻസ് നൽകലാണ് എന്നും പരാതി. 2 ദിവസം മുൻപ് ചെറുന്നിയൂർ പഞ്ചായത്തിൽ അനധികൃതമായി റോഡിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരാതി ലഭിച്ച ഉടൻ തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചു. കല്ലു മലക്കുന്ന് റെയിൽവേ മേൽപാലത്തിന് സമീപത്തായിരുന്നു സംഭവം. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ മാലിന്യ കവറുകൾ തുറന്ന് പരിശോധിച്ചപ്പോൾ ചില വ്യക്തികളുടെ പേര് വിവരങ്ങൾ കിട്ടി.
തുടർന്നുള്ള അന്വേഷണത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തുകയും 10,000രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന തുടരുമെന്നും അവർ അറിയിച്ചു. ഇത് എല്ലാ പഞ്ചായത്തും കൃത്യമായി നടപ്പാക്കിയാൽ ഒരു മാസം കൊണ്ട് പൊതു നിരത്തുകളിൽ മാലിന്യം തള്ളുന്നത് ഗണ്യമായി കുറയും എന്ന് ചില ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ദേശീയപാതയിൽ കടുവയിൽ പളളി മുതൽ തോട്ടക്കാട് പാലം വരെയുള്ള വിജന പാതയിൽ നിത്യവും ചാക്കിൽ കെട്ടി തള്ളുന്ന മാലിന്യങ്ങൾ അറപ്പ് അറപ്പുണ്ടാക്കുന്നവയാണ്. ദുർഗന്ധം സഹിച്ച് നാട്ടുകാരും യാത്രക്കാരും പോകേണ്ട സ്ഥിതി. മേഖലകളിൽ വർഷങ്ങളായി തുടങ്ങിയ മാലിന്യം തള്ളൽ തടയാൻ ആരും തയാറായിട്ടില്ല.
പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറ സൗകര്യങ്ങളും ലഭ്യമാണ്.എന്നാൽ ഇതിന്റെ സഹായത്തോടെ ഇതിന് ഒരു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രമിക്കാത്തത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.